കടലില്‍ ഇന്ത്യൻ എൻജിനീയറിങ് വിസ്‌മയം, അടല്‍ സേതു മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് മുംബൈ:നിർമാണം ആരംഭിച്ച് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എല്‍) അഥവ അടല്‍ സേതു കടല്‍പ്പാലം 2024 ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ നവി മുംബൈയില്‍ നിന്ന് മുംബൈയിലേക്ക് എത്താനുള്ള സമയം ഒന്നര മണിക്കൂറില്‍ നിന്ന് 20 മിനിറ്റായി ചുരുങ്ങും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലം ഇന്ത്യയിലെ എൻജിനീയറിങ് രംഗത്തെ വിസ്‌മയമാണെന്നാണ് വിദഗ്ധർ പറയുന്നത്.
മുംബൈയിലെ സെവ്‌രിയെ മെയിൻലാൻഡിലെ നവാ-ഷേവയുമായി (ചിർലെ) ബന്ധിപ്പിക്കുന്നതാണ് 21.8 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാലം (ഇരുവശത്തേക്കും മൂന്ന് വരിവീതം). ഇതില്‍ 16.5 കിലോമീറ്റർ നീളം കടലിലൂടെയാണ് പാലം കടന്നുപോകുന്നത്. കരയിലൂടെ 5.5 കിലോമീറ്ററുമുണ്ട്. MTHL നിർമ്മിക്കാൻ 177,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്‍റും ഉപയോഗിച്ചുവെന്നാണ് കണക്കുകൾ.
മോട്ടോര്‍ ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടര്‍, മൃഗങ്ങള്‍ വലിക്കുന്ന വാഹനം, മറ്റ് വേഗത കുറഞ്ഞ വാഹനങ്ങള്‍ എന്നിവയ്‌ക്കൊന്നും പാലത്തിലേക്ക് പ്രവേശനമില്ല. കാര്‍, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, മിനിബസ് എന്നിവയ്ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. കയറ്റിറക്കങ്ങളുള്ള പ്രദേശത്ത് വേഗപരിധി 40 കിലോമീറ്ററാണ്.
എംടിഎച്ച്എല്ലിലെ ടോൾ 250 രൂപ (കാറിന് വൺവേ ട്രിപ്പ്) ഇരുവശത്തേക്കുമായി 375 രൂപയാകും. സ്ഥിരം യാത്രക്കാർക്ക് ഇളവുണ്ടാകും. ടോൾ പിരിക്കുന്നതിന് പരമ്പരാഗത ടോൾ ബൂത്തുകൾക്ക് പകരം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഓപ്പൺ ടോളിങ് സിസ്റ്റമാണ്. ഇതുവഴി സമയം നഷ്‌ടം ഒഴിവാക്കി ടോൾ പ്ലാസയില്‍ നിർത്താതെ പോകാം. ഒരു ദിവസം 70000 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പലുകൾക്ക് കടന്നുപോകാൻ പ്രത്യേക ഇടനാഴിയും പാലത്തിന് അടിയിലൂടെ സജ്ജമാക്കിയിട്ടുണ്ട്.
ദേശാടന പക്ഷികൾക്കും ഇടം: ദേശാടന പക്ഷികൾ ധാരാളമായി കാണപ്പെടുന്ന ഇടത്താണ് പാലം നിർമിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ഹോണും ശബ്ദവും കിളികളെ ബാധിക്കാതിരിക്കാന്‍ സെവ്‌രിയില്‍നിന്ന് 8.5 കിലോമീറ്റര്‍ ദൂരത്തില്‍ പാലത്തിന്‍റെ കൈവരിയില്‍ പ്രത്യേക നോയിസ് ബാരിയര്‍ സ്ഥാപിച്ചിട്ടുണ്ട്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സുരക്ഷ കാര്യങ്ങള്‍ കൂടി പരിഗണിച്ച് പാലത്തില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച മറയ്ക്കാന്‍ 6 കിലോമീറ്റര്‍ ദൂരത്തില്‍ വ്യൂ ബാരിയറും ഘടിപ്പിച്ചിട്ടുണ്ട്. കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് കടലില്‍ തൂണുകളും മറ്റും സ്ഥാപിച്ചത്.
സുരക്ഷയില്‍ വീഴ്‌ചയില്ല:മണ്‍സൂണ്‍ കാലത്തെ ഉയര്‍ന്ന വേഗതയിലുള്ള കാറ്റിനേയും ഇടിമിന്നലിനേയും ചെറുക്കാനുള്ള സംവിധാനങ്ങളും പാലത്തിലുണ്ട്. പാലത്തില്‍ സുരക്ഷയിലും വിട്ടുവീഴ്ചയില്ല. സുരക്ഷയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രാഷ് ബാരിയറുകളും പാലത്തില്‍ നല്‍കിയിട്ടുണ്ട്. ഓരോ 330 മീറ്റര്‍ അകലത്തിലും നിരീക്ഷണത്തിനായി സിസിടിവി കാമറകള്‍ സ്ഥാപിച്ചു. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്താനോ യു ടേണ്‍ എടുക്കാനോ പാടില്ല. അടിയന്തര സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിര്‍ത്താനും മറ്റുമായി രണ്ട് പ്രത്യേക ഡെക്കുകള്‍ പാലത്തിലുണ്ട്.
കടലിനടിയിലെ നിർമാണ പ്രവർത്തനം ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് നിർമാണ രംഗത്തുണ്ടായിരുന്നവർ പിന്നീട് വെളിപ്പെടുത്തിയത്. മുംബൈ നഗരത്തിൽനിന്ന് നവി മുംബൈയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനമാർഗമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മാറും.
ചരിത്രത്തിലേക്ക്: 1962-ൽ 'മുംബൈ മെട്രോപൊളിറ്റൻ റീജിയണിനായുള്ള പ്ലാനിംഗ് ഓഫ് റോഡ് സിസ്റ്റം' എന്ന പഠനത്തിലാണ് മുംബൈ ദ്വീപ് നഗരത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു കണക്റ്റർ എന്ന ആശയം ആദ്യമായി നിർദ്ദേശിച്ചത്. 2006-ൽ ടെൻഡർ വിളിക്കുന്നത് വരെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നു. 2018 ഏപ്രിലിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.