ന്യൂഡല്‍ഹി: തങ്ങളുടെ അംഗങ്ങളെ കൂറുമാറുവാന്‍ ബിജെപി പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് എഎപി എംഎല്‍എമാര്‍. ഇന്ന് (25.08.2022) രാവിലെ 11 മണിക്ക് അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ വച്ചാണ് യോഗം ചേര്‍ന്നത്. എഎപിയുടെ 62ല്‍ 53 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പകുതിയോളം എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. 'പങ്കെടുക്കാത്ത എംഎല്‍എമാരെ പാര്‍ട്ടി വിളിച്ചിരുന്നു. എന്നാല്‍ ചില തിരക്കുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും എഎപിയെ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിന്‍റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തതെന്ന്' പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സൗരഭ് ബര്‍ട്‌വാജ് പറഞ്ഞു.
ആരോപണങ്ങളെ എതിര്‍ത്ത് ബിജെപി:അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ 20 മുതല്‍ 25 എംഎല്‍എമാരെ ബിജെപി സ്വാധീനിച്ചിട്ടുണ്ടെന്നും പക്ഷം മാറാന്‍ ബിജെപി പ്രേരിപ്പിച്ചതായും കഴിഞ്ഞ ദിവസം(24.08.2022) നാല് എംഎല്‍എമാര്‍ പറഞ്ഞു. സിബിഐ, ഇഡി അന്വേഷണങ്ങള്‍, തങ്ങളുടെ മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള റെയ്‌ഡുകള്‍, തങ്ങളുടെ അംഗങ്ങളെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭ സമ്മേളനം വെള്ളിയാഴ്‌ച(19.08.2022) ചേര്‍ന്നിരുന്നു.
അതേസമയം, എഎപി എംഎല്‍എമാരെ തങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമം നടത്തി എന്ന വാദത്തെ ബിജെപി എതിര്‍ത്തു. തങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ച എംഎല്‍എമാരുടെ പേര് വെളിപ്പെടുത്താന്‍ ബിജെപി ആവശ്യപ്പെട്ടു. 'എഎപിയുടെ മദ്യ അഴിമതിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണിതെന്നും ഡല്‍ഹിയുടെ എക്‌സൈസ് നയത്തിനെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നതെന്നും ബിജെപി എംപി മനോജ് തിവാരി' ചോദിച്ചു.