ഹൈദരാബാദ്:തെലങ്കാനയില്‍ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ഭരണം പിടിക്കാമെന്ന ബിആര്‍എസ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 119 അംഗ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിആര്‍എസിനെതിരെ വ്യക്തമായ ആധിപത്യം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിനായി. ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട
കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ഭരണത്തിനാണ് തെലുങ്ക് മണ്ണില്‍ കോണ്‍ഗ്രസ് വിരാമം കുറിച്ചിരിക്കുന്നത്.
നവംബര്‍ 30ന് ഒറ്റഘട്ടമായിട്ടാണ് തെലങ്കാന പോളിങ് ബൂത്തിലേക്ക് എത്തിയത്. 71 ശതമാനത്തോളം പോളിങ്ങായിരുന്നു ഇക്കുറി തെലങ്കാനയില്‍ രേഖപ്പെടുത്തിയത്. വോട്ടെടുപ്പിന് പിന്നാലെ വന്ന പല എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചതും കോണ്‍ഗ്രസിന്‍റെ വിജയം തന്നെയായിരുന്നു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്‌ക്കുന്നത് തന്നെയായിരുന്നു തെലങ്കാനയിലെ വോട്ടെടുപ്പ് റിസള്‍ട്ടും. വോട്ടെണ്ണല്‍ ആരംഭിച്ച് തുടക്കം മുതല്‍ക്ക് തന്നെ ബിആര്‍എസിനെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. തെരഞ്ഞെടുപ്പില്‍ ബിആര്‍എസ് എന്ന കടമ്പ ചാടിക്കടന്ന കോണ്‍ഗ്രസ് ഇനിയായിരിക്കും യഥാര്‍ഥ വെല്ലുവിളി നേരിടാന്‍ പോകുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരാകും അടുത്ത തെലങ്കാന മുഖ്യമന്ത്രി എന്നത്. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമാര്‍ക്ക എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. കൂടാതെ, ദലിത് വിഭാഗത്തില്‍ നിന്നുള്ള വനിത നേതാവായ സീതക്ക എന്ന ദന്‍സാരി അനസൂയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുന്നയിക്കുന്നവരുമുണ്ട്.
രേവന്ത് റെഡ്ഡി:മാറുന്ന കാലത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്‍റേതായ സ്ഥാനം കെട്ടിപ്പടുത്ത നേതാവാണ് അനുമല്‍ രേവന്ത് റെഡ്ഡി. എബിവിപിയിലൂടെ പൊതുജീവിതം തുടങ്ങിയ രേവന്ത് റെഡ്ഡി തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നായിരുന്നു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസിനൊപ്പം അദ്ദേഹം കൂടിയിട്ട് വെറും ആറ് വര്‍ഷം മാത്രമാണായത്. ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റായും എംപിയായും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. സ്വന്തം ഗ്രൂപ്പുകാരെ പ്രോത്സാഹിപ്പിക്കുന്നു, ടിഡിപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലും യുവാക്കള്‍ക്കിടയിലും വലിയ പിന്തുണ രേവന്ത് റെഡ്ഡിക്കുണ്ട്.
ഭട്ടി വിക്രമാര്‍ക്ക:തെലങ്കാനയില്‍ ആദ്യമായി ഭരണത്തിലേറുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ട എല്ല യോഗ്യതകളുമുള്ള നേതാവാണ് ഭട്ടി വിക്രമാര്‍ക്ക. മാല സമുദായത്തിൽ നിന്നുള്ള ദളിത് നേതാവാണ് അദ്ദേഹം. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്, അസംബ്ലി ഫ്‌ളോർ ലീഡർ എന്നീ സ്ഥാനങ്ങളിലെല്ലാം സേവനമനുഷ്‌ടിച്ച പരിചയവും ഭട്ടി വിക്രമാര്‍ക്കയ്‌ക്കുണ്ട്. വിവാദങ്ങളില്‍ ഒന്നും അകപ്പെടാത്തെ നേതാവ് കൂടിയാണ് അദ്ദേഹം. കൂടാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മികച്ച ബന്ധം അദ്ദേഹത്തിനുണ്ട്.
ദൻസാരി അനസൂയ :ബിആര്‍എസിനെ ചരിത്രത്തില്‍ ആദ്യമായി തെലങ്കാന കൈവിടാന്‍ കാരണം പിന്നോക്ക വിഭാഗങ്ങളോട് അവര്‍ കാണിച്ച അവഗണനകളാണെന്നാണ് ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍, ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം ദലിത് വിഭാഗത്തില്‍ നിന്നും ഒരു മുഖ്യമന്ത്രി തെലങ്കാനയ്‌ക്ക് വേണമെന്നതാണ്. അതുകൊണ്ട് തന്നെ മുലുഗു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സീതക്ക എന്നറിയപ്പെടുന്ന ദൻസാരി അനസൂയ മുഖ്യമന്ത്രിയാകണമെന്നാണ് ഇവരുടെ ആവശ്യവും. മുൻ നക്‌സലൈറ്റ് കൂടിയായ സീതക്ക ടിഡിപിയില്‍ നിന്നാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. 2017ലായിരുന്നു സീതക്കയുടെയും കോണ്‍ഗ്രസ് പ്രവേശനം. പിന്നാലെ അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ചുമതലയും സീതക്ക വഹിച്ചു.