കൊച്ചി:അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലമറിയാനിരിക്കെ രാഷ്ട്രീയ കുതിരക്കച്ചവട സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഛത്തിസ് ഗഡിലും തെലങ്കാനയിലും രാജസ്ഥാനിലുമാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ജനവിധി അറിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്റ്റാര്‍ ഹോട്ടലുകളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഇനിയുള്ള മണിക്കൂറുകളില്‍ ചര്‍ച്ചകളും ചരടുവലികളും സജീവമാകും (Assembly election results 2023 in malayalam).
എക്സിറ്റ് പോളുകളില്‍ വിവിധ ഏജന്‍സികള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മാറി മാറി വിജയസാധ്യത കല്‍പ്പിച്ചിരിക്കുന്ന മധ്യപ്രദേശില്‍ കുതിരക്കച്ചവടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. കോണ്‍ഗ്രസ് വിജയം ഉറപ്പാണെന്നും ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായതു കൊണ്ടാണ് കുതിരക്കച്ചവടത്തെപ്പറ്റി പറയുന്നതെന്നും മുതിര്‍ന്ന നേതാവ് കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങ് മറുകണ്ടം ചാടാന്‍ തങ്ങള്‍ക്കൊപ്പം ഇനി സിന്ധ്യമാരില്ലെന്നും ദിഗ്വിജയ് സിങ്ങ് പറഞ്ഞു.
തെലങ്കാനയിലെ ബിജെപി എം എല്‍ എയും ഗോഷമാഹലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ടി. രാജാ സിങ്ങ് തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. തന്‍റെ മണ്ഡലമടക്കം ചുരുങ്ങിയത് 25 സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നും 25 സീറ്റ് നേടിയാല്‍ നിരവധി ബി ആര്‍ എസ് എം എല്‍ എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി ആര്‍ എസില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇപ്പോള്‍ത്തന്നെ കേന്ദ്ര മന്ത്രിയും ബിജെപി അധ്യക്ഷനുമായ കിഷന്‍ റെഢിയുമായും മുതിര്‍ന്ന നേതാവ് ബണ്ഡി സഞ്ജയുമായും സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അങ്ങിനെ വന്നാല്‍ ബിജെപി തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് രാജാസിങ്ങിന്‍റെ അവകാശ വാദം.
അതിനിടെ ഛത്തീസ്ഗഡില്‍ തങ്ങളുടെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി സ്വാധീനിക്കാനും വശീകരിക്കാനും ശ്രമിക്കുന്നതായി നേതാക്കള്‍ ആരോപിച്ചു. തങ്ങളുടെ എം എല്‍ എ മാരെ കുതിരക്കച്ചവടത്തില്‍ നിന്ന രക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി കരുനീക്കം നടത്തുകയാണ്. കര്‍ണാടകയിലെ ബംഗ്ളൂരു നഗരത്തോട് ചേര്‍ന്നുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക വിജയിച്ചു വരുന്ന എംഎല്‍ എമാരെ മാറ്റാനാണ് ആലോചന.
രാജസ്ഥാനില്‍ ബി എസ് പി സര്‍ക്കാരിന്‍റെ ഭാഗമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെട്ടത് ഞെട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ എം എല്‍ എ മാരെ പാര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബംഗ്ളൂരുവില്‍ രണ്ട് റിസോര്‍ട്ട് ബുക്ക് ചെയ്തുവെന്ന ആരോപണവുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എം പി കിരോദിലാല്‍ മീണയും രംഗത്തെത്തി.