ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഹിമാചലില്‍ ഒറ്റഘട്ടമായി 2022 നവംബർ 12നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബർ എട്ടിന്.
ഒക്‌ടോബർ 17ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനം വരും. ഒക്‌ടോബർ 25 മുതല്‍ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 29 ആണ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തിയതി ഇന്ന് നടന്ന വാർത്ത സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായില്ല. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനങ്ങൾ: നിയമസഭ തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും. വോട്ടിങ് ശതമാനം ഉയർത്തുന്നത് സംബന്ധിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ചും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വർഷത്തില്‍ നാല് തവണ വോട്ടർ പട്ടിക പുതുക്കും, സ്ഥാനാർഥികളുടെ സ്വത്ത് വിവരവും ക്രിമിനല്‍ പശ്‌ചാത്തലവും ജനങ്ങളെ അറിയിക്കാൻ ആപ്പ് പുറത്തിറക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഹിമാചലും ഗുജറാത്തും പോളിങ് ബൂത്തിലേക്ക്: 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ബിജെപി ഭരണ നേട്ടങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ ഭരണവിരുദ്ധ വികാരം ഉയർത്തിയാണ് കോൺഗ്രസ് ഇത്തവണ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൂടിയാണ് ബിജെപിയും കോൺഗ്രസും ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിനെ കൂടാതെ ആം ആദ്‌മി പാർട്ടിയും ഇരു സംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.