ദിസ്‌പൂർ : അസം-മിസോറാം അതിർത്തി പ്രശ്‌നത്തിൽ തർക്ക പരിഹാരത്തിനായി അസം നിയമസഭയില്‍ നിന്ന് 19അംഗ സംഘം ഡൽഹിക്ക് തിരിക്കും. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് സന്ദർശനം.
സ്‌പീക്കർ ബിശ്വജിത് ദയ്‌മാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുക. അസം സർക്കാരിനെ പൂർണമായി പിന്തുണയ്ക്കുന്ന സമീപനമാണ് സംഘം സ്വീകരിക്കുകയെന്നും വേഗത്തിൽ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനായി ശ്രമിക്കുമെന്നും സംഘാംഗങ്ങൾ അറിയിച്ചു.
അസമിനായി നമ്മൾ ഒന്നിക്കണമെന്ന് ദയ്‌മാരി
അസം ഭൂമിയെയും സംസ്ഥാനത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാവരും ഒന്നിക്കണമെന്ന് ദയ്‌മാരി പറഞ്ഞു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികൾ സുരക്ഷിതമാക്കുന്നതിന് പുതിയ പോളിസികൾ നിർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.