ഐസ്വാള്‍ :മിസോറാമിലെ ചമ്പായി (Champhai) മേഖലയില്‍ നടത്തിയ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിലായി ഹെറോയിനും (Heroin) അനധികൃതമായി സൂക്ഷിച്ചിരുന്ന പാക്കും (Areca Nuts) അസം റൈഫിള്‍സ് (Assam Rifiles) പിടികൂടി. 33 ഗ്രാം ഹെറോയിനും 150 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പാക്കുമാണ് സേന പിടിച്ചെടുത്തത്. വിപണിയില്‍ ഇവയ്‌ക്ക് 1.07 കോടിയോളം വിലമതിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസം റൈഫിള്‍സും സോഖാതൗര്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രത്യേക പരിശോധന.
കസ്റ്റഡിയിലെടുത്ത പ്രതിയെ അന്വേഷണസംഘം പൊലീസിന് കൈമാറി. കൂടാതെ, പരിശോധനയില്‍ കണ്ടെത്തിയ മുഴുവന്‍ ചരക്ക് വസ്‌തുക്കളും തുടര്‍ നടപടികള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കസ്റ്റംസ് ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ അന്താരാഷ്‌ട്ര വിപണിയില്‍ 271 കോടി വില മതിക്കുന്ന ഹെറോയിന്‍ മിസോറാമില്‍ നിന്ന് പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് മ്യാന്‍മറില്‍ നിന്നുമെത്തിച്ച 27.7 കിലോ ഹെറോയിനാണ് സംസ്ഥാന എക്‌സൈസ് ആൻഡ് നാർക്കോട്ടിക് വകുപ്പ് പിടികൂടിയിട്ടുള്ളത്. ഇതിന് വിപണിയില്‍ ഏകദേശം 138.5 കോടി വില വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Also Read :10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവും, സഹോദരങ്ങൾ അറസ്റ്റില്‍
ഹെറോയിനുമായി പാക് ഡ്രോണ്‍:പഞ്ചാബ് അമൃത്‌സറില്‍ അതിര്‍ത്തി രക്ഷാസേന മയക്കുമരുന്നുമായെത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടു. ഇക്കഴിഞ്ഞ ജൂണ്‍ 10നായിരുന്നു സംഭവം. വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് 5.26 കിലോ ഹെറോയിന്‍ അടങ്ങിയ പാക്കറ്റുകള്‍ ബിഎസ്‌എഫ് കണ്ടെത്തുകയായിരുന്നു.
ഈ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പും റായ് ഗ്രാമത്തിന് സമീപം സമാന രീതിയില്‍ അതിര്‍ത്തി രക്ഷാസേന ഡ്രോണുകള്‍ വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അതിര്‍ത്തി കടന്ന് വീണ്ടും പാകിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത്. പുലര്‍ച്ചെയോടെയായിരുന്നു ഇവ സേന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പിന്നാലെ ഇവര്‍ നിരീക്ഷിച്ചു. ഇതിനിടെയാണ് ഡ്രോണില്‍ നിന്ന് ചില പായ്‌ക്കറ്റുകള്‍ സമീപത്തെ കൃഷിയിടത്തില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിഎസ്‌എഫ് ജവാന്മാര്‍ ഡ്രോണ്‍ വെടിവച്ചിട്ടത്.
മഞ്ഞ നിറത്തിലായിരുന്നു പായ്‌ക്കറ്റുകള്‍. ഇവ കള്ളപ്പണം ആണെന്ന സംശയത്തിലായിരുന്നു ആദ്യം സേന അംഗങ്ങള്‍. തുടര്‍ന്ന് ഇവ തുറന്ന് പരിശോധിക്കുകയായിരുന്നു.
More Read :Pak Drone in Amritsar | മയക്ക് മരുന്നുമായി പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍; വെടിവച്ചിട്ട് ബിഎസ്‌എഫ്, പിടികൂടിയത് 5.26 കിലോ ഹെറോയിന്‍
ഈ സമയത്താണ് പായ്‌ക്കറ്റുകളില്‍ ഉണ്ടായിരുന്നത് ഹെറോയിന്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. പായ്‌ക്കറ്റുകളില്‍ വെള്ള നിറത്തിലുള്ള കയറും, ചെറിയ കൊളുത്തുകളും ഉണ്ടായിരുന്നു. ലഹരി വസ്‌തു പിടിച്ചെടുത്ത വിവരം ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ബിഎസ്എഫ് പുറത്തുവിട്ടത്.