ദിസ്‌പൂർ : അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമിൽ നിന്ന് കണ്ടെടുത്തു. ദുബായിൽ നിന്ന് വാച്ച് മോഷ്ടിച്ച് കടന്ന അസം സ്വദേശിയായ വസീദ് ഹുസൈനെ പൊലീസ് പിടികൂടി. ദുബായ് പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയതെന്നും തുടർ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു.
മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ വാച്ചുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നത്. ദുബായിൽ മറഡോണ ഉപയോഗിച്ച വസ്തുക്കൾ സൂക്ഷിക്കുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. ഇവിടെ നിന്നാണ് കഴിഞ്ഞ ഓഗസ്‌റ്റിൽ വാച്ച് മോഷ്‌ടിച്ച് ഇയാൾ നാട്ടിലേക്ക് കടന്നത്.