അഹമ്മദാബാദ്: ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രി 11.30ന് ഗുജറാത്തിലെ പാലന്‍പൂരിലെ വസതിയില്‍ നിന്നാണ് പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്‌തത്. രാത്രി തന്നെ പാലന്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്കെത്തിച്ച മേവാനിയെ ഇന്ന് അസമിലെ ഗുവഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
രാഷ്‌ട്രീയ ദലിത് അധികാര്‍ മഞ്ച് പാര്‍ട്ടിയുടെ കണ്‍വീനര്‍ കൂടിയായ മേവാനിയുടെ അറസ്റ്റിന് പിന്നിലെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. എഫ്‌ഐആറിന്‍റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മേവാനിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ട്വീറ്റ് കേസുമായി ബന്ധപ്പെട്ടാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന് മേവാനിയുടെ അഭിഭാഷകന്‍ പരേഷ് വഘേല പ്രസ്‌താവനയില്‍ അറിയിച്ചു.
അധികൃതരുടെ അഭ്യര്‍ഥന പ്രകാരം ജിഗ്നേഷ് മേവാനിയുടെ ചില സമീപകാല ട്വീറ്റുകള്‍ തടഞ്ഞുവച്ചതായി ട്വിറ്റർ അക്കൗണ്ട് കാണിക്കുന്നു. 'എന്‍റെ ഏതോ ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊലീസ് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഒരു വ്യാജ പരാതിയേയും ഞാന്‍ ഭയപ്പെടുന്നില്ല, പോരാട്ടം തുടരും,' മേവാനി പറഞ്ഞു.
സംഭവത്തിന് പിന്നാലെ മേവാനിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. ആര്‍എസ്‌എസിനെ കുറിച്ച് ട്വീറ്റ് ചെയ്‌തതിനാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍ അറിയിച്ചു. ജിഗ്നേഷ് മേവാനിയെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്നും അതിന്‍റെ ഭാഗമായാണ് വ്യാജ പരാതിയെന്നും ഠാക്കൂര്‍ ആരോപിച്ചു.
മേവാനിയോ കോണ്‍ഗ്രസോ ഇതിലൊന്നും ഭയക്കുന്നവരല്ലെന്നും മേവാനിയെ ഉടന്‍ പുറത്തിറക്കുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ വദ്ഗാമിൽ നിന്നുള്ള നിയമസഭാംഗമായ മേവാനി 2021 സെപ്‌റ്റംബറില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.