ഗുവാഹത്തി (അസം): തര്‍ക്കം നിലനില്‍ക്കുന്ന അസം മേഘാലയ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. അനധികൃതമായി മുറിക്കപ്പെട്ട മരങ്ങള്‍ കടത്തപ്പെട്ട വാഹനം അസമിന്‍റെ വനം ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയേയും ടാഗ് ചെയ്‌തുകൊണ്ടുള്ള ട്വീറ്റില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്‌മ ആരോപിക്കുന്നത് അസം പൊലീസും വനം ഉദ്യോഗസ്ഥരും മേഘാലയയില്‍ പ്രവേശിച്ച് പ്രകോപനമില്ലാതെ വെടിവെച്ചു എന്നാണ്.
എന്നാല്‍ അസമിലെ വെസ്‌റ്റ് കര്‍ബി ആങ്‌ലോങ് ജില്ലയില്‍ വച്ചാണ് അനധികൃതമായി മുറിച്ച മരങ്ങള്‍ കടത്തികൊണ്ടുപോകുകയായിരുന്ന ട്രക്ക് തങ്ങളുടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് അസം അധികൃതര്‍ വ്യക്തമാക്കി. ട്രക്ക് തടഞ്ഞതിനെ തുടര്‍ന്ന് മേഘാലയ ഭാഗത്ത് നിന്ന് വന്ന ജനക്കൂട്ടം തങ്ങളുടെ വനം ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചെന്നും ഇതേതുടര്‍ന്നാണ് സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരാനായി വെടിവെക്കേണ്ട സാഹചര്യം ഉണ്ടായതെന്നും അസം അധികൃതര്‍ വ്യക്തമാക്കി.