ഗുവാഹത്തി :അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിംഗിന്‍റെ പേരിൽ (Assam DGP Gyanendra Pratap Singh) വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. പൊലീസ് ഡയറക്‌ടർ ജനറലിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് (Fake WhatsApp Account) തുറന്ന് ഡിജിപി എന്ന വ്യാജേന സൈബർ കുറ്റവാളികൾ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുന്നതായാണ് കണ്ടെത്തിയത്. ഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ടിൽ നിന്നും പല ആളുകൾക്കും സന്ദേശങ്ങൾ പോകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അസം പൊലീസ് ആ നമ്പർ ബ്ലോക്ക് ചെയ്‌തിരുന്നു.
കൂടാതെ പൊലീസ് ജനറലിന്‍റെ പേരിൽ ആർക്കെങ്കിലും വാട്‌സ്‌ആപ്പ് സന്ദേശം വന്നാൽ അസം പൊലീസിനെ (Assam Police) അറിയിക്കാനും സംസ്ഥാനത്തെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിഷയത്തിൽ അസം പൊലീസ് നടപടി സ്വീകരിച്ചതായാണ് വിവരം. എന്നാൽ അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ച സൈബർ കുറ്റവാളികളെ (Cyber Crime) കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുൻപും പൊലീസ് കമ്മിഷണർ ദിഗന്ത ബോറയുടേയും മറ്റ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും പേരിൽ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ നിന്നും പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശങ്ങൾ അയച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ സംഘത്തിൽപ്പെട്ട ആരേയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.