ഗുവാഹത്തി:അസമിലെ 'ലേഡി സിങ്കം' ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.30ഓടെ നാഗോണ്‍ ജില്ലയില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ജുന്‍മോനി സഞ്ചരിച്ച കാര്‍ കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. സ്വര്‍ണ കടത്ത് പിടികൂടിയതിന് പിന്നാലെയായിരുന്നു ജുന്‍മോനിയുടെ മരണം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തു വന്നു. ജുന്‍മോനിയുടെ മരണത്തിന് ഇടയാക്കിയ സംഭവം സാധാരണ ഒരു അപകടമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നും അമ്മ ആരോപിച്ചു. സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിജിപി ജിപി സിങ് പറഞ്ഞു.
ജുന്‍മോനി രാഭയുടെ മരണത്തില്‍ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ന്യായമായ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ അന്വേഷണം അസമിലെ സിഐഡിയ്‌ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ഡിജിപി ജിപി സിങ് ട്വീറ്റ് ചെയ്‌തു. അപകടം നടക്കുന്നതിന് ഒരു ദിവസം മുമ്പ് ജുന്‍മോനി രാഭ വ്യാജ സ്വര്‍ണ റാക്കറ്റിന്‍റെ സൂത്രധാരനെന്ന് പറയപ്പെടുന്ന അസ്‌ഗര്‍ അലി എന്നയാളെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അസ്‌ഗറിനെ മോചിപ്പിക്കാന്‍ ജുന്‍മോനി വലിയ തുക ആവശ്യപ്പെട്ടു എന്ന് കാണിച്ച് അസ്‌ഗറിന്‍റെ അമ്മ ആമിന ഖാത്തൂണ്‍ ജുന്‍മോനിയ്‌ക്കെതിരെ പരാതി നല്‍കി.
Also Read:വരണമാല്യം ചാര്‍ത്താനായി നീട്ടിയ കൈകളില്‍ വിലങ്ങ്! സ്റ്റാറായി അസമിലെ വനിത എസ്.ഐ
ആമിന ഖാത്തൂണിന്‍റെ പരാതിയില്‍ ലഖിംപൂര്‍ പൊലീസും നാഗോണ്‍ പൊലീസും ജുന്‍മോനിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. അന്വേഷണം നടക്കുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ ജുന്‍മോനി അപകടത്തില്‍ കൊല്ലപ്പെട്ടത്. ജുന്‍മോനിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ രംഗത്തു വന്നു. അപകടത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് എസ്‌പി ലീന ഡോളിയുടെ നേതൃത്വത്തില്‍ നാഗോണ്‍ പൊലീസ് തന്‍റെ വീട്ടില്‍ റെയ്‌ഡ് നടത്തിയെന്നും കുറച്ച് പണം പിടിച്ചെടുത്തു എന്നും ജുന്‍മോനിയുടെ അമ്മ പറഞ്ഞു.
ജുന്‍മോനി രാഭയുടെ മരണം സ്വാഭാവികമല്ലെന്ന് നെറ്റിസണ്‍സും അഭിപ്രായപ്പെടുന്നു. നേരത്തെ പ്രതിശ്രുത വരന്‍ റാണ പഗാഗിനൊപ്പം വഞ്ചന കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ജുന്‍മോനി. ജയില്‍ വാസത്തിനും സസ്‌പെന്‍ഷനും ശേഷം സര്‍വീസില്‍ തിരികെ പ്രവേശിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച റാണ പഗാഗിനെ വഞ്ചന കുറ്റത്തിന് അറസ്റ്റ് ചെയ്‌തതോടെയാണ് ജുന്‍മോനി രാഭ പ്രശസ്‌തയായതും ലേഡി സിങ്കം എന്ന വിശേഷണം ലഭിച്ചതും. പക്ഷേ കേസില്‍ ജുന്‍മോനിക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ അവരും ശിക്ഷിക്കപ്പെടുകയായിരുന്നു.
കരാറുകാരുമായുള്ള സാമ്പത്തിക ഇടപാടില്‍ വഞ്ചന നടത്തിയെന്നതായിരുന്നു കേസ്. ജുന്‍മോനിയെ പരിചയപ്പെടുത്തി കരാറുകാരുടെ വിശ്വാസം നേടിയെടുത്ത് വഞ്ചിക്കുകയായിരുന്നു റാണ പഗാഗ്. ജുന്‍മോനി രാഭയുടെ ഒത്താശയോടെയാണ് റാണ തങ്ങളെ വഞ്ചിച്ചതെന്ന് കരാരുകാര്‍ പരാതി നല്‍കിയതോടെയാണ് ജുന്‍മണി ശിക്ഷിക്കപ്പെട്ടത്.
ഇതിന് പുറമെ ജുന്‍മോനി ജനങ്ങളെ മര്‍ദിച്ചു എന്നാരോപിച്ച് ബിഹ്‌പുരിയ എംഎല്‍എ അമിയ കുമാര്‍ ഭുയാനും രംഗത്ത് വന്നിരുന്നു. എംഎല്‍എയും ജുന്‍മോനിയും തമ്മിലുള്ള സംഭാഷണം പുറത്തു വന്നതോടെ സംഭവം ചര്‍ച്ചയാകുകയും വലിയ വിവാദങ്ങള്‍ക്ക് തിരിതെളിയിക്കുകയും ചെയ്‌തു.
Also Read:പ്രതിശ്രുത വരനെ വിലങ്ങു വച്ച 'ലേഡി സിങ്കം' അതേ കേസില്‍ ജയിലിലേക്ക്