ഗുവാഹത്തി :കോണ്‍ഗ്രസ് എം.എല്‍.എ ഷെര്‍മാന്‍ അലി അഹമ്മദിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു.അസമിലെ ദരംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെ നടന്ന പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് പ്രകോപനപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് നടപടി. ശനിയാഴ്ച ദിസ്‌പൂരിലെ എം.എൽ.എ ക്വാർട്ടേഴ്‌സില്‍ വച്ചാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്‌തത്.
ആറ് വർഷം നീണ്ടുനിന്ന അസം പ്രക്ഷോഭത്തിൽ, 1983-ൽ ദരംഗ് ജില്ലയിലെ സിപാജാർ പ്രദേശത്തെ കൈയ്യേറ്റക്കാർ എട്ടുപേരെ കൊന്നൊടുക്കിയെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസഖ്യത്തില്‍ ഉള്‍പ്പെട്ട ചില നേതാക്കള്‍ ആരോപിച്ചിരുന്നു.
ഇതിനോട് പ്രതികരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. ''പ്രക്ഷോഭത്തിൽ മരിച്ച എട്ട് പേർ രക്തസാക്ഷികളല്ല, അവര്‍ കൊലയാളികളാണ്. സിപാജാർ പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ആളുകളെ കൊലചെയ്‌തിരുന്നു''.
പരാമര്‍ശത്തില്‍, കാരണം കാണിക്കല്‍ നോട്ടിസയച്ച് കോണ്‍ഗ്രസ്
''എട്ട് പേർക്ക് നേരെയുള്ള ആക്രമണം, ആ പ്രദേശത്തെ മുസ്ലിം ജനതയുടെ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായുള്ളതാണ്''. ഈ പ്രസ്‌താവനയെ തുടര്‍ന്നാണ് പൊലീസ് നടപടി. ഓൾ അസം സ്റ്റുഡന്‍റ്‌സ് യൂണിയൻ , ബി.ജെ.പിയുടെ യുവജനവിഭാഗമായ ബി.ജെ.വൈ.എം എന്നിവയുൾപ്പെടെ നിരവധി സംഘടനകൾ അദ്ദേഹത്തിന്‍റെ പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 20നാണ് ദരംഗിലുണ്ടായ വെടിവയ്പ്പില്‍ ന്യൂനപക്ഷ സമുദായത്തിലെ 12 വയസുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത്. കൈയ്യേറ്റ ഭൂമിയില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് നിറയൊഴിച്ചത്.
ALSO READ:ETV BHARAT IMPACT: സകർമ തിരിമറിയിൽ നടപടിയുമായി ഗ്രാമവികസന വകുപ്പ്