ഗുവാഹത്തി (അസം): ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ മാനനഷ്‌ട കേസ് നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊവിഡ് പിപിഇ കിറ്റില്‍ അസം മുഖ്യമന്ത്രി അഴിമതി നടത്തിയെന്ന് ആരോപിച്ച് മനീഷ് സിസോദിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയക്കെതിരെ മാനനഷ്‌ട കേസ് നൽകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചത്.
ഭാര്യയുടെയും മകന്‍റേയും ബിസിനസ് പങ്കാളികളുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാർ ഹിമന്ത ബിശ്വ ശർമ്മ നൽകിയെന്നാണ് സിസോദിയയുടെ ആരോപണം. ഒരു പിപിഇ കിറ്റ് 600 രൂപയ്‌ക്ക് മറ്റുള്ളവർ വാങ്ങിയപ്പോൾ, അസം സർക്കാർ അതേ കിറ്റ് വാങ്ങിയത് 950 രൂപയ്‌ക്കാണെന്നും സിസോദിയ ആരോപിച്ചു. ദി വയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് കൊണ്ടായിരുന്നു ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം.
ആരോപണവും മറുപടിയും: ഹിമന്ത ബിശ്വ ശർമ്മക്കെതിരെ ബിജെപി നേതൃത്വം നടപടി സ്വീകരിക്കണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തി. 'പ്രഭാഷണം നിർത്തൂ, ഗുവാഹത്തി കോടതിയിൽ വച്ച് കാണാം', ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
'നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം മഹാമാരിയെ രാജ്യം മുഴുവൻ അഭിമുഖീകരിക്കുന്ന സമയത്ത്, അസമിൽ പിപിഇ കിറ്റുകളൊന്നും ഉണ്ടായിരുന്നില്ല. 1500 ഓളം പിപിഇ കിറ്റുകള്‍ അസം സർക്കാരിലേക്ക് സൗജന്യമായി സംഭാവന ചെയ്യാൻ എന്‍റെ ഭാര്യ ധൈര്യസമേതം മുന്നോട്ട് വന്നു. ഒരു പൈസ പോലും അതിന്‍റെ പേരില്‍ വാങ്ങിയിട്ടില്ല, അപ്പോൾ എവിടെയാണ് അഴിമതി നടന്നത്', ശര്‍മ്മ ചോദിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് അസം ജനതക്ക് സഹായം ആവശ്യമുള്ളപ്പോൾ മനീഷ് സിസോദിയ തന്‍റെ ട്വീറ്റിന് മറുപടി പോലും നൽകിയില്ലെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.