മൊറിഗാവ് (അസം):മുസ്ലിം സമുദായത്തിൽ സ്‌ത്രീകൾക്ക് നീതി ലഭിക്കുന്നതിന് പുരുഷന്മാർ മൂന്നും നാലും വിവാഹം കഴിക്കുന്ന സമ്പ്രദായം മാറ്റണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന ഒരു പുരുഷന് മൂന്ന് നാല് സ്‌ത്രീകളെ വിവാഹം കഴിക്കാൻ അവകാശമില്ല. അത്തരം സമ്പ്രദായങ്ങൾ മാറ്റണം.
മുസ്ലിം സ്‌ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ കഴിയുന്നില്ല, മുസ്ലിം പുരുഷന്മാർ രണ്ട് മൂന്ന് സ്‌ത്രീകളെ വിവാഹം കഴിക്കുന്നു. ഞങ്ങൾ ഈ സമ്പ്രദായത്തിന് എതിരാണെന്നും, 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' (എല്ലാവരുടെയും കൂട്ടായ്‌മ എല്ലാവരുടെയും വളർച്ചയെ സഹായിക്കും) ആണ് ഞങ്ങൾക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൊറിഗാവിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സബ്‌കാ സാത്ത് സബ്‌കാ വികാസ്' മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മുസ്‌ലിം വിദ്യാർഥികൾ മദ്രസകളിൽ പഠിച്ച് ജുനാബും ഇമാമും ആവാൻ ആഗ്രഹിക്കുന്നില്ല. അവർ സ്‌കൂളുകളിൽ പഠിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കുട്ടികളെ ഡോക്‌ടർമാരും എഞ്ചിനീയർമാരും ആക്കി അവരെ മികച്ച മനുഷ്യരാക്കു എന്നും മുഖ്യമന്ത്രി പറഞ്ഞു.