ദർഭംഗ (ബീഹാർ): ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിൽ വീടിന് തീകൊളുത്തി ആദ്യ ഭാര്യ. അപകടത്തിൽ തീ കൊളുത്തിയ യുവതി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. തീകൊളുത്തിയ ബിബി പർവീണ്‍(35), ഭർത്താവ് ഖുർഷിദ് ആലം(40), ഇയാളുടെ രണ്ടാം ഭാര്യ റോഷ്‌നി ഖാത്തൂണ്‍(32), ഖുർഷിദ് ആലത്തിന്‍റെ അമ്മ റുഫൈദ ഖാത്തൂണ്‍(65) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭർത്താവിന്‍റെ രണ്ടാം വിവാഹത്തിൽ എതിർപ്പ്; വീടിന് തീകൊളുത്തി ആദ്യ ഭാര്യ, നാല് മരണം
ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. തീ കൊളുത്തിയ യുവതിയും ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്
പത്ത് വർഷം മുൻപാണ് ഖുർഷിദ് ആലം- ബിബി പർവീണ്‍ ദമ്പതികളുടെ വിവാഹം നടന്നത്. എന്നാൽ ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികൾ വേണമെന്ന ആഗ്രഹത്താൽ രണ്ട് വർഷം മുൻപ് അടുത്തുള്ള ഗ്രാമത്തിൽ നിന്ന് റോഷ്‌നി എന്ന യുവതിയെ ഖാത്തൂണ്‍ വിവാഹം ചെയ്‌തു. എന്നാൽ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആദ്യ ഭാര്യ ഭർത്താവിനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു.
തുടർന്ന് ശനിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ ബിബി പർവീണ്‍ വീടിന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബിബി പർവീണും അമ്മായിയമ്മ റുഫൈദ ഖാത്തൂണും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഖുർഷിദിനേയും റോഷ്‌നിയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.