വാരണാസി : ഉത്തര്‍പ്രദേശ് പൊലീസിന്‍റെ കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് സര്‍വേ നടപടികള്‍ ആരംഭിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). ജില്ല കോടതിയുടെ ഉത്തരവുപ്രകാരം ജിപിആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) അടക്കം ഉപയോഗിച്ചാണ് എഎസ്‌ഐ സംഘം സര്‍വേ നടത്തുന്നത്. അതേസമയം ഗ്യാന്‍വാപി മസ്‌ജിദ് കേസിലെ ഹര്‍ജിക്കാരന്‍ സോഹന്‍ ലാല്‍ ആര്യ സര്‍വേയെ 'ഹിന്ദുക്കളുടെ മഹത്തായ നിമിഷം' എന്ന് വിശേഷിപ്പിച്ചു.
'ഇത് ഞങ്ങൾക്ക്, കോടിക്കണക്കിനാളുകളുള്ള ഹിന്ദുസമൂഹത്തിന് വളരെ അഭിമാനകരമായ നിമിഷമാണ്. ഗ്യാന്‍വാപി പ്രശ്‌നത്തിന് സർവേ മാത്രമാണ് പരിഹാരം' - സോഹന്‍ ലാല്‍ ആര്യ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ :ജിപിആര്‍ ഉപയോഗിച്ച് വിശദമായ ശാസ്‌ത്രീയ അന്വേഷണമാണ് കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്‌ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഘടനയുടെ ഉത്ഖനനം, ഡേറ്റിങ് രീതി, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് അനുമതിയുണ്ട്. മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതിരിക്കുന്നത് എന്ന കാര്യം ഇത്തരം പരിശോധനയിലൂടെ വ്യക്തമാകും എന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.
കെട്ടിടത്തിന്‍റെ മൂന്ന് താഴികക്കുടങ്ങൾക്ക് തൊട്ടുതാഴെ സര്‍വേ നടത്താന്‍ ജിപിആര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും ആവശ്യമെങ്കിൽ അവിടെ ഖനനം നടത്താനും ഉത്തരവില്‍ പ്രത്യേക നിര്‍ദേശമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്‌ജിദ് ക്ഷേത്രത്തിനുമേൽ പണിതതാണോ എന്നറിയാനായി ശാസ്‌ത്രീയ സർവേ നടത്താൻ എഎസ്ഐ സംഘം ഞായറാഴ്‌ച (ജൂലൈ 23) തന്നെ വാരണാസിയില്‍ എത്തിയിരുന്നു.
മസ്‌ജിദിലെ സര്‍വേ തിങ്കളാഴ്‌ച (ജൂലൈ 24) ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ അറിയിച്ചതായി വാരണാസി ജില്ല കലക്‌ടര്‍ എസ് രാജലിംഗം അറിയിക്കുകയും ചെയ്‌തു. എഎസ്‌ഐ സംഘം വാരണാസിയിൽ എത്തിയിട്ടുണ്ടെന്നും തിങ്കളാഴ്‌ച രാവിലെ ഏഴിന് ഗ്യാന്‍വാപി കോംപ്ലക്‌സില്‍ സർവേ ആരംഭിക്കുമെന്നും ഹിന്ദു പക്ഷത്തിന്‍റെ അഭിഭാഷകൻ മദൻ മോഹൻ യാദവും പ്രതികരിച്ചിരുന്നു.
'വസുഖാന' പരിശോധിക്കില്ല: ഗ്യാന്‍വാപി മസ്‌ജിദ് ക്ഷേത്രത്തിന് മുകളില്‍ പണിതതാണോ എന്നറിയാൻ ആവശ്യമായ സ്ഥലങ്ങളിൽ ഖനനം ഉൾപ്പടെ വിശദമായ ശാസ്‌ത്രീയ സർവേ നടത്താൻ ജില്ല ജഡ്‌ജി എ കെ വിശ്വേഷ് ആണ് വെള്ളിയാഴ്‌ച ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ശിവലിംഗത്തിന്‍റെ ഘടന ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്ന പള്ളിയിലെ 'വസുഖാന' സര്‍വേയില്‍ ഉള്‍പ്പെടുത്തില്ല. പ്രസ്‌തുത ഭാഗം സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് വസുഖാനയെ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയത്.
സർവേ നടപടികളുടെ വീഡിയോകളും ഫോട്ടോകളും സഹിതം ഓഗസ്റ്റ് നാലിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പള്ളിക്ക് അകത്ത്, വിശ്വാസികളുടെ പ്രാര്‍ഥനകള്‍ തടസപ്പെടുത്താതെ സര്‍വേ നടത്തണമെന്ന് ജില്ല ഭരണകൂടവും കോടതിയും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്‌ജിദിന്‍റെ വസ്‌തുവകകൾക്ക് ഒരു തരത്തിലും നാശനഷ്‌ടം വരുത്താൻ പാടില്ലെന്നും രാവിലെ 8 മണി മുതല്‍ 12 വരെയായിരിക്കണം പരിശോധനകളെന്നും നിര്‍ദേശമുണ്ട്.
ജൂലൈ 14 നാണ് ഹിന്ദു പക്ഷത്തിനുവേണ്ടി അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ ജില്ല കോടതിയിൽ ഗ്യാന്‍വാപി മസ്‌ജിദില്‍ ശാസ്‌ത്രീയ സർവേ നടത്തണമെന്ന് കാണിച്ച് അപേക്ഷ നൽകിയത്. ഈ സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്ന് അപേക്ഷയിൽ പറയുന്നു. മസ്‌ജിദ് സമുച്ചയത്തിലെ പടിഞ്ഞാറ് ഭാഗത്തുള്ള ചുമരില്‍ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.