കേരളം

kerala

ETV Bharat / bharat

ASI Survey in Gyanvapi | ഗ്യാന്‍വാപിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടങ്ങി ; കനത്ത സുരക്ഷ

ഗ്യാന്‍വാപി മസ്‌ജിദില്‍ ശാസ്‌ത്രീയ സര്‍വേയുമായി എഎസ്‌ഐ, മസ്‌ജിദിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷ, പള്ളിയുടെ ഘടന മാറുമോയെന്ന ആശങ്കയില്‍ മുസ്‌ലിം സംഘടന

ASI Survey in Gyanvapi  ഗ്യാന്‍വാപിയില്‍ എഎസ്‌ഐ സര്‍വേ തുടങ്ങി  സുരക്ഷയൊരുക്കി ഭരണക്കൂടം  ശാസ്‌ത്രീയ സര്‍വേ  ശാസ്‌ത്രീയ സര്‍വേയുമായി എഎസ്‌ഐ  മുസ്‌ലിം സംഘടന  എഎസ്‌ഐ  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  അലഹബാദ് ഹൈക്കോടതി  ഗ്യാന്‍വാപി പരിസരത്ത് കനത്ത സുരക്ഷ  ഗ്യാന്‍വാപിയുടെ ഘടന  Gyanvapi news updates  latest news in Gyanvapi  ASI Survey in Gyanvapi news updates  latest news in ASI Survey in Gyanvapi
ഗ്യാന്‍വാപിയില്‍ എഎസ്‌ഐ സര്‍വേ തുടങ്ങി

By

Published : Aug 4, 2023, 9:58 AM IST

വാരണാസി : ഗ്യാന്‍വാപി മസ്‌ജിദില്‍ എഎസ്‌ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) വീണ്ടും സര്‍വേ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന് മുമ്പ് പുരാതന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി നിര്‍മിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായാണ് പരിശോധന. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് എഎസ്‌ഐ സംഘം ഗ്യാന്‍വാപിയില്‍ വീണ്ടും വിലയിരുത്തലുകള്‍ക്കെത്തിയത്.

നീതിയുടെ താത്‌പര്യം കണക്കിലെടുക്കുമ്പോള്‍ ശാസ്‌ത്രീയ പരിശോധന അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍, സര്‍വേക്കെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. സ്ഥലത്ത് സര്‍വേ നടത്താന്‍ വാരണാസി ജില്ല കോടതിയാണ് എഎസ്‌ഐക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ നടപടികള്‍ സ്റ്റേ ചെയ്യപ്പെട്ടിരുന്നു.

ഗ്യാന്‍വാപി പരിസരത്ത് കനത്ത സുരക്ഷ:കോടതി ഉത്തരവ് അനുസരിച്ച് 41 എഎസ്‌ഐ ഉദ്യോഗസ്ഥരാണ് സര്‍വേയ്ക്കായി ഗ്യാന്‍വാപിയിലെത്തിയത്. രാവിലെ ഏഴ്‌ മണി മുതല്‍ ഉച്ചയ്‌ക്ക് 12 മണി വരെയാണ് പരിശോധന. എഎസ്‌ഐയുടെ പരിശോധനയെ തുടര്‍ന്ന് പള്ളി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ശാസ്‌ത്രീയ സര്‍വേ നടത്തണമെന്ന ആവശ്യം ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് (ഓഗസ്റ്റ് 4) പരിഗണിക്കും.

മസ്‌ജിദിന് സമീപം പരിശോധന നടത്തുന്നതിന് എഎസ്‌ഐ ജില്ല ഭരണകൂടത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് കലക്‌ടര്‍ എസ് രാജലിംഗം പറഞ്ഞു. ഇക്കാര്യത്തില്‍ വാരണാസി പൊലീസ് കമ്മിഷണറുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നും കലക്‌ടര്‍ അറിയിച്ചു.

ഗ്യാന്‍വാപിയുടെ ഘടന മാറുമോയെന്ന് ആശങ്ക:ഗ്യാന്‍വാപിയില്‍ എഎസ്‌ഐ നടത്തുന്ന പരിശോധനയ്ക്കി‌ടെ പള്ളിയുടെ ഘടനയ്‌ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന ആശങ്കയിലാണ് മുസ്‌ലിം സംഘടന. ഇത് ചൂണ്ടിക്കാട്ടിയാണ് സംഘടന ഹര്‍ജി സമര്‍പ്പിച്ചതും. അതേസമയം സര്‍വേയ്ക്കി‌ടെ പള്ളിയിലോ പരിസരത്തോ യാതൊരുവിധ കേടുപാടുകളും ഉണ്ടാകില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സര്‍വേയ്‌ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.

also read:Gyanvapi case | കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപിയില്‍ സര്‍വേ ; പരിശോധനയ്‌ക്ക് ജിപിആര്‍ അടക്കം സാങ്കേതിക വിദ്യ

ഗ്യാന്‍വാപി മസ്‌ജിദ് മുദ്രവച്ച് പൂട്ടണം: ഗ്യാന്‍വാപിയില്‍ എഎസ്‌ഐയുടെ സര്‍വേ നടത്തുന്നതിനിടെയും മസ്‌ജിദ് മുദ്രവച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതി, വാരണാസി ജില്ല കോടതി എന്നിവിടങ്ങളില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഗ്യാന്‍വാപിയില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.

ഗ്യാന്‍വാപിയില്‍ നേരത്തെയും സര്‍വേ: ഇക്കഴിഞ്ഞ 24ന് ഗ്യാന്‍വാപിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ, സര്‍വേ നടന്നിരുന്നു. ജിപിആര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പരിശോധനയ്ക്കാ‌യി ഖനനം ഉള്‍പ്പടെയുള്ള വിശദമായ സര്‍വേ നടത്താന്‍ ജില്ല ജഡ്‌ജി എകെ വിശ്വേഷാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നത്. ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകനായ വിഷ്‌ണു ശങ്കര്‍ ജെയിന്‍ ജില്ല കോടതിയില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ദശലക്ഷക്കണക്കിനാളുകളുടെ വികാരമാണ് ഗ്യാന്‍വാപിയെന്നും പടിഞ്ഞാറ് ഭാഗത്തെ ചുമരില്‍ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ദൃശ്യമാണെന്നും അഭിഭാഷകന്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.

ABOUT THE AUTHOR

...view details