ഭുവനേശ്വര്‍: ഒഡിഷയിലെ സരസ്വതി വിദ്യ മന്ദിർ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വന്ദേ ഭാരത് യാത്രയ്‌ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. സ്‌കൂളില്‍ സംഘടിപ്പിച്ച ഭൂമി പൂജക്കെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂളിലെ 50 കുട്ടികള്‍ക്കാണ് യാത്ര ചെയ്യാന്‍ അവസരമൊരുക്കുക.
സ്‌കൂളില്‍ ഒരു മത്സരം സംഘടിപ്പിച്ച് അതില്‍ വിജയിക്കുന്ന 50 പേര്‍ക്കാണ് മന്ത്രി സൗജന്യ യാത്ര സൗകര്യയ്‌ക്ക് അവസരം നല്‍കുക. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് വന്ദേ ഭാരത് ട്രെയിനിന്‍റെ വീഡിയോ കാണിച്ച് കൊടുത്തിരുന്നു. വീഡിയോ കണ്ട വിദ്യാര്‍ഥികള്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെയാണ് അവസരമൊരുക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.
ഒഡിഷയ്‌ക്ക് ആദ്യ വന്ദേ ഭാരത്: ഇക്കഴിഞ്ഞ മെയ് 18നാണ് ഒഡിഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തത്. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നും ഒഡിഷയിലെ പുരിയിലേക്കാണ് വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായാണ് സര്‍വീസ് ഉദ്‌ഘാടനം ചെയ്‌തത്.
ഭുവനേശ്വറിലെ റെയില്‍വേ സ്റ്റേഷനിലെ പുനര്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി അശ്വിനി വൈഷ്‌ണവ് നാളെ (ഓഗസ്റ്റ് 15) റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കും. റെയില്‍വേയിലെ ഇത്തരം വികസനങ്ങള്‍ ഏറെ അഭിമാനകരമാണെന്നും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.