ഗാന്ധിനഗർ : ഈ വർഷം അവസാനം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്ത് കോൺഗ്രസിനെ ഞെട്ടിച്ച് ആദിവാസി നേതാവും മൂന്ന് തവണ എംഎൽഎയുമായ അശ്വിൻ കോട്വാൾ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിലനിൽക്കുന്ന അനീതിയാണ് പാർട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്‌ച (ഏപ്രിൽ 03) ഉച്ചയ്‌ക്ക് ഗാന്ധിനഗറിലെ സംസ്ഥാന ബിജെപി ആസ്ഥാനമായ 'കമല'ത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ കോട്വാളിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. 2007, 2012, 2017 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ പട്ടികവർഗ സ്ഥാനാർഥികൾക്കായി സംവരണം ചെയ്‌ത സബർകാന്ത ജില്ലയിലെ ഖേദ്ബ്രഹ്മ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്.
എന്നാൽ ബിജെപിയില്‍ ചേരുന്നതിന്‍റെ ഭാഗമായി 58കാരനായ കോട്വാൾ എംഎൽഎ സ്ഥാനം രാജിവച്ചതായും ചൊവ്വാഴ്‌ച രാവിലെ സ്‌പീക്കർ നിമാബെൻ ആചാര്യ രാജിക്കത്ത് സ്വീകരിച്ചതായും സംസ്ഥാന നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചു. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിയുകയാണെന്ന് കോട്വാള്‍ അറിയിച്ചിരുന്നു.
വിശദീകരണവുമായി കോട്വാൾ :കോൺഗ്രസിന്‍റെ പ്രവർത്തനത്തിൽ താൻ തൃപ്‌തനല്ല. ജനപിന്തുണയുള്ളവർക്ക് സീറ്റ് നൽകുന്നതിനുപകരം, പാർട്ടി നേതൃത്വത്തിന് വിശ്വാസ്യയോഗ്യരായി തോന്നുന്നവരെ മാത്രമാണ് അനുകൂലിക്കുന്നത്. ഭാവിയിൽ തനിക്കും ടിക്കറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുവെന്നും ഇത്തരം അനീതികൾ കൊണ്ടാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും കോട്വാൾ പറഞ്ഞു.