ഹൈദരാബാദ്: അഫ്‌ഗാന്‍ ജനതയെ ഉപേക്ഷിക്കാൻ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് അഫ്‌ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി. 1990കളിലെ ആഭ്യന്തരയുദ്ധത്തിന് സമാനമായി തെരുവുകളിലെ രക്തച്ചൊരിച്ചിൽ തടയുന്നതിനാണ് തനിക്ക് രാജ്യം വിടേണ്ടി വന്നതെന്ന് ട്വിറ്ററില്‍ പങ്കുവച്ച കത്തില്‍ ഗനി പറഞ്ഞു.
പ്രയാസകരമേറിയ തീരുമാനം
'സുരക്ഷ സംഘത്തിന്‍റെ നിർബന്ധത്തെ തുടർന്നാണ് രാജ്യം വിട്ടത്. കാബൂൾ വിടുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസകരമേറിയ തീരുമാനമായിരുന്നു. എന്നാൽ തോക്കുകളെ നിശബ്‌ദമാക്കാനും കാബൂളിനെയും 60 ലക്ഷം വരുന്ന ജനങ്ങളേയും രക്ഷിക്കാനും ആ ഒരൊറ്റ മാര്‍ഗം മാത്രമേ ഉണ്ടായിരുന്നൊള്ളു', ഗനി പറഞ്ഞു. ജനാധിപത്യ സമ്പന്ന പരമാധികാര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി തന്‍റെ ജീവിതത്തിന്‍റെ 20 വര്‍ഷങ്ങളാണ് നീക്കി വച്ചതെന്നും അഫ്‌ഗാന്‍ ജനതയെ ഉപേക്ഷിക്കുക എന്നതായിരുന്നില്ല തന്‍റെ ഉദ്ദേശമെന്നും ഗനി വിശദീകരിച്ചു.
ഓഗസ്റ്റ് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഗനി രാജ്യം വിടുകയായിരുന്നു. രാജ്യം വിടുന്നതിന് മുന്‍പ് തലേ ദിവസം റെക്കോഡ് ചെയ്‌ത പൊതു പ്രസംഗത്തില്‍ താലിബാനെതിരെ പ്രതിരോധ സേനയെ സര്‍ക്കാര്‍ അണിനിരത്തുകയാണെന്നും അടിച്ചേല്‍പ്പിച്ച ഒരു യുദ്ധത്തിന് അനുവദിക്കില്ലെന്നും കാബൂള്‍ ജനതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
പണവുമായല്ല രാജ്യം വിട്ടത്
നിറയെ പണവുമായാണ് രാജ്യം വിട്ടതെന്ന റഷ്യൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ഗനി തള്ളി. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും വാസ്‌തവ വിരുദ്ധമാണെന്ന് പറഞ്ഞ ഗനി അഴിമതിക്കെതിരായ പോരാട്ടമായിരുന്നു തന്‍റെ ഭരണകാലമെന്നും കൂട്ടിച്ചേര്‍ത്തു.
'ഞാനും എന്‍റെ ഭാര്യയും ഞങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്‌മത പുലർത്തിയിരുന്നു. എന്‍റെ എല്ലാ സ്വത്തുക്കളും ഞാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍റെ ഭാര്യയുടെ കുടുംബ സ്വത്തും വെളിപ്പെടുത്തിയിട്ടുണ്ട്,' ഗനി പറഞ്ഞു. ഇത് തെളിയിക്കാൻ ഐക്യരാഷ്ട്രസഭയുടെയോ മറ്റേതെങ്കിലും സ്വതന്ത്ര സംഘടനയുടെയോ കീഴിലുള്ള ഒരു ഔദ്യോഗിക ഓഡിറ്റോ സാമ്പത്തിക അന്വേഷണമോ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌ഗാന്‍ ജനതയോട് കടപ്പാട്
അഫ്‌ഗാന്‍ ജനതയ്ക്ക് പ്രത്യേകിച്ച് അഫ്‌ഗാന്‍ സൈനികര്‍ക്ക് അവരുടെ ത്യാഗത്തിന് ആദരവ് അർപ്പിക്കുന്നുവെന്നും ഗനി പറഞ്ഞു. രാജ്യത്ത് സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പുവരുത്താതെ ഭരണം അവസാനിപ്പിക്കേണ്ടി വന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അഫ്‌ഗാന്‍ ജനതയോടുള്ള പ്രതിബദ്ധത മുന്നോട്ടുള്ള തന്‍റെ ജീവിതത്തിന് വഴികാട്ടിയാകുമെന്നും ഗനി കത്തില്‍ പറഞ്ഞു.
അഫ്‌ഗാനിസ്ഥാൻ താലിബാന്‍റെ നിയന്ത്രണത്തിലായതോടെ രാജ്യം വിട്ട ഗനി നിലവില്‍ യുഎഇയിലാണ്. അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി സ്വാഗതം ചെയ്തെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.
Read more: 'രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാന്‍'; അഷ്‌റഫ് ഗനിയുടെ വീഡിയോ പുറത്ത്