ജയ്‌പൂര്‍: നരേന്ദ്ര മോദി പങ്കെടുത്ത രാജസ്ഥാനിലെ പൊതുപരിപാടിയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പരാതിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അശോക് ഗെലോട്ടിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് പിഎംഒ (Prime Minister's Office) വ്യക്തമാക്കി.
''നേരത്തെയും പ്രധാനമന്ത്രിയുടെ നിരവധി പരിപാടികളില്‍ താങ്കളെ ക്ഷണിച്ചിട്ടുണ്ട്. അന്നെല്ലാം താങ്കള്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും ഇന്നത്തെ പരിപാടിയിലും താങ്കളെ സ്വാഗതം ചെയ്യുന്നുവെന്നും വികസന ഫലകത്തിലും താങ്കളുടെ പേരുണ്ടെന്നും പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) പറഞ്ഞു. 'ബുദ്ധിമുട്ടൊന്നുമില്ലെങ്കില്‍ താങ്കളുടെ സാന്നിധ്യം തീര്‍ച്ചയായും വിലമതിക്കുന്നതാണെന്നും' പിഎംഒ ട്വീറ്റില്‍ കുറിച്ചു.
അതേസമയം, കാലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ താന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് തന്‍റെ ഓഫിസ് പിഎംഒയെ അറിയിച്ചിരുന്നുവെന്ന് ഗെലോട്ട് തിരിച്ചടിച്ചു. രാജസ്ഥാന് പ്രയോജനകരമാകുന്ന ഈ പരിപാടിയില്‍ താന്‍ ഓണ്‍ലൈനിലൂടെ പങ്കാളിയാകുമെന്നും പ്രധാനമന്ത്രിയെ രാജസ്ഥാനിലേക്ക് താന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്നും തന്‍റെ ഓഫിസും പിഎംഒയും തമ്മിലുള്ള കത്തിടപാടുകളുടെ ചിത്രം പങ്ക് വച്ചുകൊണ്ട് അശോക് ഗെലോട്ട് ട്വീറ്റ് ചെയ്‌തു.
വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ സിക്കാര്‍ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് അശോക് ഗെലോട്ട് ആരോപണവുമായി രംഗത്തെത്തിയത്. പരിപാടിയില്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്‌ത തന്‍റെ മൂന്ന് മിനിറ്റ് പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒഴിവാക്കിയെന്നായിരുന്നു പരാതി. ''ഇന്ന് താങ്കള്‍ രാജസ്ഥാന്‍ സന്ദര്‍ശിക്കുകയാണ്. നിങ്ങളുടെ ഓഫിസ് എന്‍റെ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്‌ത മൂന്ന് മിനിറ്റ് പ്രസംഗം പരിപാടിയില്‍ നിന്നും നീക്കം ചെയ്‌തു. അതിനാല്‍ എനിക്ക് താങ്കളെ സ്വാഗതം ചെയ്യാനാന്‍ കഴിയില്ലെന്നും ഈ ട്വീറ്റിലൂടെ ഞാന്‍ താങ്കളെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞിരുന്നു.
ഈ പരിപാടിയിലെ പ്രസംഗത്തിലൂടെ ഉന്നയിക്കാനുള്ള ആവശ്യങ്ങള്‍ ഈ ട്വീറ്റിലൂടെ താന്‍ മുന്നോട്ട് വയ്‌ക്കുന്നുണ്ടെന്നും ആറ് മാസത്തിനിടെയുള്ള ഈ ഏഴാമത്തെ യാത്രയില്‍ അവയെല്ലാം നിങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു'മാണ് അശോക് ഗെലോട്ട് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് പിഎംഒ പ്രതികരണവുമായി രംഗത്തെത്തിയത്.
നന്ദി പറഞ്ഞും ആവശ്യമുന്നയിച്ചും അശോക് ഗെലോട്ട്: സംസ്ഥാനത്ത് 12 മെഡിക്കല്‍ കോളജുകളുടെ ശിലാസ്ഥാപനമാണ് നടക്കുന്നത്. ഇത് സാധ്യമായത് സംസ്ഥാന സര്‍ക്കാറും കേന്ദ്രവും തമ്മിലുള്ള സഹകരണത്തിലൂടെയാണെന്നും ഇതിന് ആവശ്യമായി വന്ന കോടി കണക്കിന് രൂപയുടെ പകുതിയിലധികം വഹിച്ചത് കേന്ദ്രമാണ്. പദ്ധതിക്കായി പ്രയത്നിച്ചവരെ സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും അശോക് ഗെലോട്ട് പറഞ്ഞു.
അഗ്‌നിവീര്‍ പദ്ധതി ഉപേക്ഷിച്ച് നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുക, ജാതി സെന്‍സസിലെ തീരുമാനം കേന്ദ്രം വേഗത്തിലാക്കുക, മൂന്ന് ജില്ലകളില്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഫണ്ട് വഹിക്കുക, കിഴക്കന്‍ രാജസ്ഥാന്‍ പദ്ധതിക്ക് വേണ്ട വിധത്തില്‍ ദേശീയ പ്രധാന്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് അശോക് ഗെലോട്ട് മുന്നോട്ട് വച്ചത്.