ജയ്‌പൂര്‍ :പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന സംഭവത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചതോടെ വിഷയം വലിയ വിവാദമായിരിക്കുകയാണ്. തങ്ങള്‍ക്ക് സംഭവത്തില്‍ യാതൊരു വിധ പങ്കുമില്ലെന്ന് സംഘടന അറിയിച്ചുവെങ്കിലും അഞ്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഒരാള്‍ അറസ്റ്റില്‍ : 'ഭരത്‌പൂര്‍ ഗട്‌മിക സ്വദേശികളായ രണ്ട് പേരെ ഹരിയാനയില്‍ വച്ച് കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. രാജസ്ഥാനിലെയും ഹരിയാനയിലെയും പൊലീസ് ഇതില്‍ ആവശ്യമായ നടപടിയെടുത്തിട്ടുണ്ട്. കുറ്റവാളികളില്‍ ഒരാളെ കസ്‌റ്റഡിയിലെടുത്തിട്ടുമുണ്ട്' - അശോക് ഗെലോട്ട് പറഞ്ഞു.
'മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്'- മുഖ്യമന്ത്രി അറിയിച്ചു.
വ്യാഴാഴ്‌ച പുലര്‍ച്ചെ ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലെഹാരു പ്രദേശത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വാഹനവും രണ്ടുപേരുടെ അസ്ഥികളും കണ്ടെടുത്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ പുറുക ഗ്രാമത്തിലെ യുവാക്കളായ ജുനയ്‌ദ്-നാസിര്‍ എന്നിവരെ ഏതാനും പേര്‍ ചേര്‍ന്ന് ബുധനാഴ്‌ച(15.02.2023) രാത്രി തട്ടിക്കൊണ്ടു പോയ വിവരം പുറത്തുവന്നു. ഇരുവരുടെയും തിരോധാനം സംബന്ധിച്ച് ബന്ധുവായ ഇസ്‌മായേല്‍ ഗോപാല്‍ഗഡ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പ്രതികള്‍ക്കായി തെരച്ചില്‍ ശക്തം :വലതുപക്ഷ ഹിന്ദുത്വവാദികളും സ്വയംപ്രഖ്യാപിത ഗോസംരക്ഷകരുമായ ബജ്‌റംഗദള്‍ പ്രവര്‍ത്തകരാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് ഈ ആരോപണം ആദ്യം നിരാകരിക്കുകയായിരുന്നു. പ്രതികളായ ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത്, മോനു മനേസര്‍ എന്നിവര്‍ക്കെതിരെ ഐപിസിയിലെ 143, 365, 367, 368 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പകുതിയിലധികം പ്രവര്‍ത്തകരെ, കേസുമായി ബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്യുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് അറിയിച്ചു.
എഫ്‌ഐആറില്‍ ഉള്‍പ്പെട്ട പേരുകള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടേതാണെന്നും അവര്‍ക്ക് കേസില്‍ ബന്ധമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുകയാണെന്നും ഐജി ഗൗരവ് ശ്രിവാസ്‌തവ ഇടിവി ഭാരതിനോട് പറഞ്ഞു. കൊല്ലപ്പെട്ട നാസിറിന്‍റെ പേരില്‍ ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നുമില്ല. എന്നാല്‍, ജുനൈദ് നേരത്തെ പശുക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ പേരില്‍ നേരത്തെ അഞ്ച് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യപ്രതിയുടെ വീഡിയോ : അതേസമയം, കേസിലെ മുഖ്യപ്രതിയും ബജ്‌റംഗദളിന്‍റെ മണ്ഡലം കോര്‍ഡിനേറ്ററുമായ മോനു മനേസര്‍ അജ്ഞാതമായ സ്ഥലത്ത് നിന്ന് തനിയ്‌ക്ക് കേസുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 'ഞങ്ങള്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. ബജ്‌റംഗദളിന്‍റെ ഒരു പ്രവര്‍ത്തകനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല'- മുഖ്യപ്രതി പറയുന്നു.
'ഞങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് കൊലപാതക വിവരം അറിയുന്നത്. ഞങ്ങള്‍ നിയമം പാലിക്കുന്ന പൗരന്‍മാരാണ്. പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് കൂടാതെ എല്ലാവരും പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു' -മോനു മനേസര്‍ വീഡിയോയില്‍ അവകാശപ്പെടുന്നു.
അതേസമയം, കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ ധനസഹായവും സര്‍ക്കാരിന്‍റ ഭക്ഷ്യസുരക്ഷ പദ്ധതിയിലൂടെ ഭക്ഷ്യവസ്തുക്കളും നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി സഹിദ ഖാന്‍ പറഞ്ഞു. ഇതിന് പുറമെ തന്‍റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നും മന്ത്രി ഇരു കുടുംബങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപയും വാഗ്‌ദാനം ചെയ്‌തു. മരിച്ചവരുടെ ബന്ധുക്കളായ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സാധ്യത ആരായുമെന്ന് ചലച്ചിത്ര താരം പഹരി പ്രധാന്‍ സാജിത് ഖാന്‍ അറിയിച്ചു.