ജയ്‌പൂർ: ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസില്‍ പരസ്യയുദ്ധം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും. കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വിമർശനങ്ങൾക്ക് ഇന്ന് മറുപടി പറഞ്ഞ സച്ചിൻ പൈലറ്റ് രൂക്ഷമായ ഭാഷയിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എതിരെ വിമർശനം ഉന്നയിച്ചത്. സോണിയ ഗാന്ധിയല്ല, ബിജെപി നേതാവ് വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്‍റെ നേതാവെന്ന് പറഞ്ഞ പൈലറ്റ് വസുന്ധരയും ഗെലോട്ടും തമ്മിലുള്ള അന്തർധാര സജീവമാണെന്നും ആരോപിച്ചു.' 2020ല്‍ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചപ്പോൾ വസുന്ധര രാജെയാണ് സഹായിച്ചതെന്ന് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു'. ഇതിന് പിന്നാലെയാണ് സച്ചിന്‍റെ ആരോപണം.
'അമിത് ഷായില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുത്തേക്കൂ എന്ന് കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റിനെ അശോക് ഗെഹ്‌ലോട്ട് പരിഹസിച്ചിരുന്നു. സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തില്‍ 2020ല്‍ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് എതിരെ നടത്തിയ അട്ടിമറി നീക്കം പരാമർശിച്ചായിരുന്നു ഗെലോട്ടിന്‍റെ പരിഹാസം. കോൺഗ്രസ് സർക്കാരിന് എതിരെ നടത്തിയ അട്ടിമറി നീക്കം തടയാൻ സഹായിച്ചത് ബിജെപി നേതാവ് വസുന്ധരെ രാജെയാണെന്നും സച്ചിൻ പൈലറ്റും 18 എംഎല്‍എമാരും ചേർന്ന് കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താൻ ശ്രമിച്ചപ്പോൾ വസുന്ധരെയും രണ്ട് ബിജെപി നേതാക്കളും ചേർന്നാണ് അതിനെ എതിർത്തതെന്നുമാണ് ഗെലോട്ട് പറഞ്ഞത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്ര നേതാക്കൾ കോടികൾ നല്‍കി. ആ പണം അവർ തിരികെ ചോദിക്കാത്തത് എന്നെ അത്‌ഭുതപ്പെടുത്തുന്നു. ബിജെപിയില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാനും ഗെലോട്ട് സച്ചിൻ പൈലറ്റിനോടും എംഎല്‍എമാരോടും വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.