ജയ്‌പൂർ: രാജസ്ഥാനിലെ വലതുപക്ഷ സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കര്‍ണി സേന തലവന്‍ സുഖ്‌ദേവ് സിങ് ഗോഗമേദി വെടിയേറ്റ് മരിച്ച സംഭവത്തിൽ സ്ഥാനമൊഴിഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും, സംസ്ഥാന പോലീസ് മേധാവിക്കുമെതിരെ കേസെടുത്തു (Ashok Gehlot And DGP Named In Fir In Connection With Karni Sena Chief's Murder). സുഖ്‌ദേവ് സിങ് ഗോഗമേദിയുടെ വിധവയായ ഷീല ഷെഖാവത് ഗോഗമേദിയുടെ പരാതിയിലാണ് കേസെടുത്തത്. ഗെലോട്ടിന്‍റെയും ഡിജിപിയുടെയും പേരുകൾ എഫ്ഐആറിലുണ്ട്. പഞ്ചാബ് പോലീസിനെയും എടിഎസിനെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിനോടും ഡിജിപിയോടും കുടുംബം സുരക്ഷ ആവശ്യപ്പെട്ടെങ്കിലും അത് ബോധപൂർവം നിഷേധിക്കുകയായിരുന്നെന്ന് ഷീല ഗോഗമേദി പരാതിയിൽ ആരോപിച്ചു. ഐപിസി സെക്ഷൻ 323, 341, 452, 307, 302, 34, 120-ബി, 427, 16, 18, 20, 3, 25 (1-AA), 27 എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്യാം നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഷീല ഗോഗമേദിയുടെ പരാതിയിൽ ഗോഗമേദി കൊലപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ശ്യാം നഗർ പൊലീസ് സ്റ്റേഷിലെ എസ്എച്ച്ഒ, ബീറ്റ് കോൺസ്റ്റബിൾ എന്നവരെയാണ് സസ്പെൻഡ് ചെയ്‌തത്.
ഗോഗമേദി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും അത് നൽകിയില്ലെന്ന് അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ശ്രാവൺ സിങ് ഗോഗമേദി നേരത്തെ ആരോപിച്ചിരുന്നു. "സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 5 വർഷമായി സുഖ്‌ദേവ് പോലീസിനോട് അപേക്ഷിക്കുകയാണ്. എന്നാൽ സുരക്ഷ നൽകിയില്ല. സുഖ്‌ദേവ് സിങ് ഗോഗമേദി 'സർവ സമാജിന്‍റെ' മുഖമായിരുന്നു, 'സർവ സമാജ്' ഇപ്പോൾ അദ്ദേഹത്തിന് പിന്തുണയായി നിൽക്കും." -ശ്രാവൺ സിങ് ഗോഗമേദി കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‌ചയാണ് സുഖ്‌ദേവ് സിങ് ഗോഗമേദി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ശ്യാം നഗറിലെ ഗോഗമേദിയുടെ വീട്ടിലെത്തിയാണ് അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്‌ദേവ് സിങ് ഗോഗമേദിയെ മെട്രോ മാസ്‌ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read:സുഖ്ദേവ് സിങ് ഗൊഗാമെദി കൊലക്കേസ്; രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞു, ഒരാള്‍ സൈനികന്‍
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തു. ഹരിയാന സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെടും മുൻപ് തന്നെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍നിന്ന് ഗോഗമേദി വധഭീഷണി നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗമായ സാംബത് നെഹ്‌റയാണ് വധഭീഷണി മുഴക്കിയത്. ഭീഷണിക്ക് പിന്നാലെ സുഖ്‌ദേവ് സിങ് ഗോഗമേദി ഇക്കാര്യം ജയ്‌പൂർ പോലീസിനെ അറിയിച്ചിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.