അഹമ്മദാബാദ്: ജ്ഞാനവാപി മസ്‌ജിദ് വിധിയിൽ പ്രതികരണവുമായി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. 1991ലെ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണ് നിലവിലെ ജ്ഞാനവാപി മസ്‌ജിദ് സമുച്ചയ വിധിയെന്ന് അദ്ദേഹം തുറന്നടിച്ചു. ബാബരി മസ്‌ജിദ് നഷ്‌ടപ്പെട്ടതുപൊലെ ഇനിയൊരു മസ്ജിദ് കൂടി നഷ്‌ടപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലപാട് വ്യക്തമാക്കി ഉവൈസി: കോടതി കമ്മിഷണർ അജയ് മിശ്രയെ മാറ്റാൻ വിസമ്മതിച്ച വാരണസി കോടതി, കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്‌ജിദിനുള്ളിലെ വീഡിയോചിത്രീകരണവും സർവേയും തുടരുമെന്നും ഇതിന്‍റെ റിപ്പോർട്ട് മെയ് 17നകം സമർപ്പിക്കണമെന്നും സർവേ കമ്മിഷനോട് വ്യാഴാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. കോടതി ഉത്തരവ് 1991ലെ വിധിയുടെ ലംഘനമാണെന്നും മസ്‌ജിദ് കമ്മിറ്റിയും വ്യക്തിനിയമ ബോർഡും വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോടതി കമ്മിഷണറുടെ സാന്നിധ്യത്തിൽ മസ്‌ജിദിനുള്ളിലെ ആദ്യ ദിവസത്തെ സർവേ ഇന്ന് (മെയ് 14) പൂർത്തിയായതായി വാരണാസി പൊലീ സ് കമ്മിഷണർ എ. സതീഷ് ഗണേഷ് അറിയിച്ചു. കനത്ത സുരക്ഷയോടെ നാളെയും സർവേ തുടരും. കോടതിയുടെ നിർദേശം നടപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോടെയും വളരെ സുഗമമായാണ് സർവേ പുരോഗമിക്കുന്നതെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.