ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്‍റെ രാജി സ്വീകരിക്കാതെ ഹൈക്കമാൻഡ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സിദ്ദു ഒരു വികാരധീനനായ മനുഷ്യനാണ്. അദ്ദേഹത്തിന് അല്പം കൂടി സമയം നല്‍കണം. കാത്തിരുന്ന് കാണാമെന്നാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നയം.
സിദ്ദുവുമായി പാര്‍ട്ടി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. സിദ്ദുവിന്‍റെ രാജി ഇതുവരെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എംഎല്‍എ ബാവ ഹെൻറി പറഞ്ഞു. സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എല്ലാം ശരിയാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം സിദ്ദുവിന്‍റെ തീരുമാനത്തെ പരിഹസിച്ചും നേതാക്കള്‍ രംഗത്തെത്തി.
ലക്ഷമെന്തന്നറിയാത്ത മിസൈലാണ് സിദ്ദുവെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്‌ബീര്‍ ബാദല്‍ പറഞ്ഞു. ആദ്യം അമരീന്ദർ സിങ്ങിനെ അട്ടിമറിച്ച് പഞ്ചാബ് കോണ്‍ഗ്രസ് പിസിസി അധ്യക്ഷനായി. പിന്നീട് ആസ്ഥാനത്ത് നിന്നും ഇറങ്ങി. പഞ്ചാബിനെ രക്ഷിക്കാനാണെങ്കില്‍ അദ്ദേഹം മുംബൈയിലേക്ക് പോകണമെന്നും സുഖ്‌ബീര്‍ ബാദല്‍ പറഞ്ഞു.