ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്ക് ഫെബ്രുവരി 11വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ റാലികള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്താന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഈ കാര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്ഥാനാര്‍ഥികള്‍ക്ക് കത്തയച്ചു.
രാഹുല്‍ ഗാന്ധി പഞ്ചാബിലെ ജലന്തറില്‍ നടത്തിയ ഓണ്‍ലൈന്‍ റാലിക്ക് സമാനമായ മാതൃക പിന്തുടരണമെന്നാണ് കത്തില്‍ സ്ഥാനാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റാലി രണ്ട് മണിക്കൂര്‍ കൊണ്ട് ഒമ്പത് ലക്ഷം ആളുകള്‍ കണ്ടതായാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
വെര്‍ച്വല്‍ റാലിക്ക് ആവശ്യമായ അനുമതി അധികൃതരില്‍ നിന്നും നേടിയെടുക്കുക, ആവശ്യമായ എല്‍ഇഡി സ്ക്രീനുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.