മുംബൈ: ദിനം പ്രതി കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന. സര്‍വകക്ഷിയോഗത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതായാണ് വിവരം. ലോക്ക്ഡൗണ്‍ സാമ്പത്തിക പാക്കേജ് തയ്യാറാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാനും യോഗത്തെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ചില മന്ത്രിമാരെയും ബിജെപി നേതാക്കളെയും ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികളാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് വ്യാപനം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന
സര്‍വകക്ഷിയോഗത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
ഔദ്യോഗിക ചര്‍ച്ച നടന്നില്ലെങ്കിലും ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിനോട് മുഖ്യമന്ത്രിക്ക് അനുകൂല നിലപാടാണെന്ന് യോഗശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ ബിജെപിയും അനുകൂലിക്കുന്നു. പക്ഷെ ലോക്ക്ഡൗണ്‍ നേരിട്ട് ബാധിക്കുന്നവര്‍ക്ക് പര്യാപ്തമായ സഹായം നല്‍കാന്‍ ഉതകുന്ന സാമ്പത്തിക പാക്കേജ് ഉണ്ടാവണം. മുഖ്യമന്ത്രിയും സര്‍ക്കാരും എടുക്കുന്ന തീരുമാനങ്ങളെ ബിജെപി പിന്തുണയ്ക്കുമെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.