ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബിജെപി ഇതര നേതാക്കള്‍ക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌തതിനും ആംആദ്‌മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തതിനും എതിരെ ശബ്‌ദമുയര്‍ത്തിയതിനാണ് മുഖ്യമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ഡല്‍ഹി എക്‌സൈസ് നയ അഴിമതി കേസില്‍ സിസോദിയയുടെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അതില്ലാതാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് നന്ദി അറിയിച്ച് കെജ്‌രിവാളെത്തിയത്.
''ഇന്ത്യയിലുടനീളമുള്ള നേതാക്കളുടെ നിയമ വിരുദ്ധ അറസ്റ്റിന് എതിരെ ശബ്‌ദമുയര്‍ത്തിയ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിറണായി വിജയന്‍ ജിക്ക് നന്ദി '' എന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.
മുഖ്യമന്ത്രിയുടെ കത്തിലെ പ്രസക്തമായ ഭാഗങ്ങള്‍:''മനീഷ് സിസോദിയ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. അന്വേഷണ ഏജന്‍സികളുടെ സമന്‍സുകള്‍ക്ക് മറുപടിയായി അവര്‍ക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുന്നുണ്ട്. കേസിന്‍റെ അന്വേഷണത്തിന് തടസം നില്‍ക്കുന്നത് തടയാന്‍ അറസ്റ്റ് അനിവാര്യമായിരുന്നില്ലെങ്കില്‍ അത് ഒഴിവാക്കുകയായിരുന്നു അഭികാമ്യമായ നടപടിയെന്നും കൂടാതെ പണം പണം പിടിച്ചെടുക്കല്‍ പോലെ കുറ്റകരമായ കാര്യങ്ങളൊന്നും സിസോദിയയുടെ കേസില്‍ നടന്നിട്ടില്ലെന്നും'' കത്തില്‍ വ്യക്തമാക്കുന്നു.
നിയമം അതിന്‍റെ വഴിയ്‌ക്ക് പോകേണ്ടതുണ്ടെങ്കില്‍ സിസോദിയയുടെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നുള്ള വ്യാപകമായ ധാരണയും ഇല്ലാതാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ആ വിഷയത്തില്‍ നിലവിലെ ധാരണകള്‍ മാറ്റിയെടുക്കാന്‍ സഹായകരമാകുന്ന നിലപാടുകള്‍ പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.