ന്യൂഡൽഹി: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ 11 ജില്ലകളിലുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ ശുപാർശപ്രകാരം ഓരോ ജില്ലക്കും 200 വീതം കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കും. കൊവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തവർക്ക് ഡോക്ടർമാർ ശുപാർശ ചെയ്താൽ കോൺസെൻട്രേറ്ററുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഡൽഹിയിൽ 1,000 ഐസിയുകൾ സ്ഥാപിച്ചതിന് ഡോക്ടർമാരെയും എഞ്ചിനീയർമാരെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
വീടുകളിൽ കഴിയുന്ന രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ ബാങ്കുകൾ ആരംഭിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
ഡൽഹിയിലെ 11 ജില്ലകളിലുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ ശുപാർശപ്രകാരം ഓരോ ജില്ലക്കും 200 വീതം കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കും
അതേസമയം രാജ്യതലസ്ഥാനത്തിന് ആശ്വാസം പകർന്ന് തുടർച്ചായായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 6,500 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ 8,500 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമായിരുന്നു. ഒരു മാസത്തിനിടെ ആദ്യമായാണ് പുതിയ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ ആകുന്നത്. ഏപ്രിൽ 12 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
Also read: ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ