ന്യൂഡൽഹി :താൻതീവ്രവാദിയല്ല, മറിച്ച് രാജ്യസ്നേഹിയാണെന്ന് പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. വിജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്യുന്നതിനിടെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. അസാധ്യമായത് സാധ്യമാക്കിയതിന് പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ച കെജ്‌രിവാൾ പാർട്ടിയെ മൂലക്കിരുത്താൻ ശ്രമിച്ച എല്ലാ നേതാക്കൾക്കും തക്ക മറുപടിയാണ് ജനങ്ങൾ നൽകിയതെന്നും പ്രതികരിച്ചു.
ഒരു വിദ്യാർഥിക്കും മെഡിസിൻ പഠിക്കാൻ യുക്രൈനിലേക്ക് പോകേണ്ടിവരാത്ത ഒരു ഇന്ത്യയെ സൃഷ്‌ടിക്കും. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടശേഷം രാജ്യത്തെ വ്യവസ്ഥിതിയിൽ മാറ്റം വന്നില്ലെങ്കിൽ രാജ്യത്ത് ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഭഗത് സിങ് ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ 75 വർഷങ്ങളായിട്ടും രാജ്യം ഭരിക്കുന്ന പാർട്ടികൾ ബ്രിട്ടീഷ് ഭരണ വ്യവസ്ഥയാണ് പിന്തുടരുന്നത്. രാജ്യം കൊള്ളയടിച്ചുകൊണ്ടിരുന്ന നേതാക്കൾ സ്‌കൂളുകളോ ആശുപത്രികളോ നിർമിച്ചില്ല. ആം ആദ്‌മി പാർട്ടിയാണ് ഈ സാഹചര്യം മാറ്റിയതെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.