ന്യൂഡൽഹി: ഏകദിന പ്രത്യേക സമ്മേളനം തിങ്കളാഴ്‌ച വിളിച്ചുചേര്‍ത്ത് ഡൽഹി നിയമസഭ. മദ്യനയക്കേസിൽ കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്തത്. സഭയെ അഭിസംബോധന ചെയ്‌ത് സംസാരിച്ച കെജ്‌രിവാള്‍ മോദിയെ പരോക്ഷമായി വിമര്‍ശിച്ചു. നാലാം ക്ലാസ് രാജയെന്ന് വിളിച്ചാണ് കെജ്‍രിവാൾ പ്രധാനമന്ത്രിയെ പരിഹസിച്ചത്.
ALSO READ |ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച, അണികളുടെ പ്രതിഷേധം ; ചോദ്യം ചെയ്യലിനായി കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്ത്
'എന്‍റെ കഥയിൽ ഒരു രാജാവുണ്ട്, പക്ഷേ രാജ്ഞി ഇല്ല. നാലാം ക്ലാസ് വരെ പഠിച്ച രാജ പിന്നീട് പഠനം ഉപേക്ഷിച്ചു. ചായക്കടയിൽ ജോലി ചെയ്‌തിരുന്നെങ്കിലും അദ്ദേഹത്തിന് രാജാവാകാൻ ഇഷ്‌ടമായിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ഒരു ദിവസം രാജാവായി. പിന്നെ പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മനസിൽ തളംകെട്ടിനിന്നു. തുടർന്ന് രാജാവ്, വ്യാജ എംഎ ബിരുദ രേഖ നിര്‍മിച്ചു'.
'വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോൾ 25,000 രൂപ പിഴ ചുമത്തി. നിരക്ഷരനായ രാജാവ് കാരണം മൂന്ന് കാർഷിക നിയമങ്ങൾ ഉള്‍പ്പെടെ രാജ്യത്ത് പ്രശ്‌നങ്ങൾ ക്രമേണ വർധിച്ചു. ഇതിന് മുന്‍പ് മുഹമ്മദ് ബിൻ തുഗ്ലക്ക് രാജാവുണ്ടായിരുന്നു. അദ്ദേഹവും ഇത്തരം തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നു'- കെജ്‌രിവാള്‍ പരിഹസിച്ചു.
'അങ്ങനെ രണ്ടാളും രാജ്യം കൊള്ളയടിച്ചു': 'താൻ എത്ര ദിവസം ചക്രവർത്തിയായി തുടരുമെന്ന ആശങ്ക അദ്ദേഹത്തിന് ഒരിക്കലുണ്ടായി. ഇതോടെ, ദാരിദ്ര്യത്തിൽ നിന്നും വന്ന അദ്ദേഹം അങ്ങനെ പണം സമ്പാദിക്കാൻ തീരുമാനിച്ചു. എങ്ങനെ പണം സമ്പാദിക്കും എന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ താന്‍ നേരിട്ട് ഇതിന് ഇറങ്ങിയാല്‍ പ്രതിച്ഛായ മോശമാകുമെന്ന് മനസിലായി'.
'അതുകൊണ്ട് അദ്ദേഹം തന്‍റെ സുഹൃത്തിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു, ഞാൻ രാജാവാണ്. എല്ലാ സർക്കാർ കരാറുകളും ഞാൻ നിങ്ങൾക്ക് തരാം. സർക്കാരിന്‍റെ പണം മുഴുവൻ തരാം. നിങ്ങളുടെ പേരും എന്‍റെ പണവും അതിൽ ഉണ്ടായിരിക്കണം. നിങ്ങൾക്ക് 10% കമ്മിഷൻ ലഭിക്കും. സുഹൃത്ത് സമ്മതിച്ചു. അതിനുശേഷം ഇരുവരും ചേർന്ന് രാജ്യം കൊള്ളയടിച്ചു' - കെജ്‌രിവാള്‍ പരിഹസിച്ചു.
ALSO READ |മോദിയുടെ ബിരുദം: കെജ്‌രിവാളിനെതിരെ മാനനഷ്‌ടക്കേസ് നൽകി ഗുജറാത്ത് സർവകലാശാല
ഒന്‍പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്‌രിവാള്‍ സിബിഐ ഓഫിസ് വിട്ടത്. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്ന് നിയമസഭ സെക്രട്ടറി രാജ് കുമാർ ഇന്നലെ വൈകിട്ട് അറിയിക്കുകയായിരുന്നു. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക സമ്മേളനം ചേരുന്നതിനെതിരെ ലഫ്. ഗവർണർ രംഗത്തെത്തിയിരുന്നു. ഈ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേര്‍ന്നത്.
ALSO READ |മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ നുണ പറയുന്നു, സിസോദിയക്കെതിരെ ചുമത്തിയത് കള്ളക്കേസ് : അരവിന്ദ് കെജ്‌രിവാള്‍