ചണ്ഡിഗഡ്: പഞ്ചാബില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും അവരവരുടെ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് നല്‍കി പാര്‍ട്ടി കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോടും മന്ത്രിമാരോടും നന്നായി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ സ്ഥാനങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്‌മി പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളെ വീഡിയോ കോൺഫറൻസിങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.
'മാൻ സാഹിബ് പറഞ്ഞതുപോലെ, നമ്മള്‍ 70 വർഷം പാഴാക്കി. നമുക്ക് സമയക്കുറവുണ്ട്. മാൻ സാഹിബ് നിങ്ങൾക്ക് ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് നൽകും. 24 മണിക്കൂർ മതിയാകില്ല, 30 മണിക്കൂർ എങ്കിലും നിങ്ങള്‍ ദിവസവും പ്രവര്‍ത്തിക്കേണ്ടി വരും. ലക്ഷ്യം കണ്ടില്ലെങ്കിൽ മന്ത്രിയെ മാറ്റണം എന്ന് ജനം പറയും, അപ്പോൾ നിങ്ങൾക്ക് വിഷമം തോന്നും. എന്നാല്‍ നിങ്ങളെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും പാര്‍ട്ടിയുടെ മുന്നിലുണ്ടാകില്ല,' കെജ്‌രിവാള്‍ വ്യക്തമാക്കി.
'മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്‌തിയുള്ളവരെ കുറിച്ച് തനിക്ക് ചില പരാതികൾ ലഭിക്കുന്നുണ്ട്. നമുക്ക് 92 എംഎൽഎമാരുണ്ട്, എല്ലാവർക്കും മന്ത്രിയാകാൻ കഴിയില്ല. 17 പേർ മാത്രമേ മന്ത്രിമാരാകൂ,' കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്‌മി പാർട്ടിയിൽ ആരുടേയും സീറ്റിന് ഉറപ്പ് പറയാനാകില്ലെന്നും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്‌താല്‍ മാത്രമേ നേതാക്കൾക്ക് അവരുടെ സ്ഥാനം ഉറപ്പിയ്ക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
അലംഭാവം പാർട്ടി സഹിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഭഗവന്ത് മാൻ ഡൽഹിയിലെ എഎപിയുടെ തന്ത്രവും പരാമർശിച്ചു. അവിടെ അവർക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ വിവിധ എംഎൽഎമാരുടെ കീഴിലുള്ള പ്രദേശങ്ങളിൽ സർവേ സംവിധാനം ഉപയോഗിക്കുന്നു.