അഹമ്മദാബാദ്:കോണ്‍ഗ്രസ് രാജ്യത്ത് നാമാവശേഷമായെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മിപാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ . അടുത്തവര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗുജറാത്തില്‍ രാഷ്‌ട്രീയ പ്രചാരണം നടത്തവെയാണ് അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസിന് വോട്ട് ചെയ്‌ത് ആരും വോട്ട് പാഴാക്കരുതെന്നും കെജ്രിവാള്‍ പറഞ്ഞു.
പഞ്ചാബിലെ ആംആദ്‌മി സര്‍ക്കാര്‍ ഗുജറാത്തില്‍ പരസ്യത്തിനായി കോടികണക്കിന് രൂപ ചെലവഴിക്കുകയാണെന്നും ശമ്പളം പോലും കൊടുക്കാന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ഈ ദുര്‍വ്യയം എന്നുമുള്ള കോണ്‍ഗ്രസ് ആരോപണത്തെ കുറിച്ചുള്ള പ്രതികരണം മാധ്യമപ്രവര്‍ത്തകള്‍ തേടിയപ്പോഴാണ് അരവിന്ദ് കെജ്രിവാളിന്‍റെ രൂക്ഷ പ്രതികരണം."കോണ്‍ഗ്രസ് രാജ്യത്ത് നാമവശേഷമായി. അവരുടെ ആരോപണങ്ങള്‍ കൊണ്ട് നടക്കരുത്. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ ആരും തന്നെ മുഖവിലക്കെടുക്കില്ല," കെജ്രിവാള്‍ പ്രതികരിച്ചു. ബിജെപിയുടെ ഗുജറാത്തിലെ പ്രധാന എതിരാളി കോണ്‍ഗ്രസല്ല തങ്ങളാണെന്നുള്ള പ്രചാരണമാണ് ആംആദ്‌മി പാര്‍ട്ടി നടത്തുന്നത്. കോണ്‍ഗ്രസ് രാജ്യത്തെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടു.