ന്യൂഡൽഹി: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സർവകക്ഷി യോഗം വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് രാവിലെ 11 മണിയോടെ യോഗം നടക്കും. ആം ആദ്‌മി, ബിജെപി, കോൺഗ്രസ്, മറ്റ് പാർട്ടികൾ എന്നിവയുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചത്.
ബുധനാഴ്‌ച 7,486 കൊവിഡ് രോഗികളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേർ രോഗത്തിന് കീഴടങ്ങുകയും കൊവിഡ് മരണസംഖ്യ 7,943 ആകുകയും ചെയ്‌തു.
വരും ദിവസങ്ങളിൽ വിവിധ സർക്കാർ ആശുപത്രികളിലായി 660 ഐസിയു കിടക്കകൾ കൂടി സജ്ജമാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. രാജ്യ തലസ്ഥാനത്ത് ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും കെജ്‌രിവാൾ അറിയിച്ചു. അതേസമയം ഭാവിയിൽ ഹോട്ട് സ്‌പോട്ടുകൾ രേഖപ്പെടുത്തുന്ന പ്രദേശത്ത് കടകൾ, മാർക്കറ്റുകൾ എന്നിവ അടച്ചു പൂട്ടുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സർക്കാർ അപേക്ഷ സമർപ്പിച്ചു. ഇതിനിടെ വിവാഹ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി സർക്കാരിന് അനുമതി നൽകി.