ഭാവ്‌നഗർ (ഗുജറാത്ത്): ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കാനുള്ള ബിജെപി നീക്കത്തെ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണെങ്കില്‍ രാജ്യത്തുടനീളം നടപ്പാക്കണമെന്നും അതിനായി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗുജറാത്ത് സന്ദർശനത്തില്‍ ഭാവ്‌നഗറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ ഈ ആഴ്‌ച തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചേക്കും. ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ഗുജറാത്ത് സർക്കാർ ശനിയാഴ്‌ച അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പറഞ്ഞു.
സംസ്ഥാന സർക്കാർ എല്ലാ പൗരന്മാർക്കും പൊതുവായ നിയമം ബാധകമാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ നാലാം ഭാഗത്തിലെ അനുച്ഛേദം 44 ലെ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. എന്നാല്‍, ബിജെപി നല്ല ഉദ്ദേശത്തോടെയല്ല ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം.