തേസ്‌പൂർ:അരുണാചൽ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ മിറാം തരോണിന് ക്രൂരമായ മാനസിക - ശാരീരിക പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് അപാങ് ടെറോൺ. നിരവധി തവണ സൈന്യം ശരീരത്തിൽ ചവിട്ടുകയും ബാറ്ററി ഉപയോഗിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്‌തുവെന്ന് പിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു.
കാട്ടിൽവച്ച് മിറാമിനെ പിടികൂടിയ ഉടൻ തന്നെ അവർ അവന്‍റെ കൈകൾ കെട്ടിയിട്ടു. കണ്ണുകൾ മൂടിക്കെട്ടി. ആദ്യ ദിവസം തന്നെ മൂന്ന് തവണ ചവിട്ടുകയും ബാറ്ററി ഉപയോഗിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തുവെന്ന് മിറാം ഞങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രമാണ് അവന്‍റെ കൈകളുടെ കെട്ട് അഴിച്ചിരുന്നത്. അപാങ് ടെറോൺ പറഞ്ഞു.
കടുത്ത മാനസിക പീഡനമാണ് അവന് നേരിടേണ്ടി വന്നത്. അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല. അവന് വിശ്രമം ആവശ്യമാണ്. ഏകദേശം 10 ദിവസത്തോളമാണ് അവൻ അവരുടെ തടങ്കലിൽ കഴിഞ്ഞത്, ടെറോൺ പറഞ്ഞു.
അവന് അവർ ഭക്ഷണം നൽകിയിരുന്നു. അവനോട് സംസാരിക്കാൻ അവർ ശ്രമിച്ചിരുന്നു. പക്ഷേ ചൈനീസ് ഭാഷ അവന് മനസിലായില്ല. രേഖകൾ പരിശോധിച്ച് തന്നെ തിരികെ രാജ്യത്തേക്കയക്കാൻ അവൻ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഭാഷാ പ്രശ്‌നങ്ങൾ കാരണം അവർക്ക് അത് മനസിലായില്ല, ടെറോൺ കൂട്ടിച്ചേർത്തു.
ALSO READ:അരുണാചൽ സ്വദേശിയായ 17കാരനെ കണ്ടെത്തിയതായി ചൈന
അരുണാചലില്‍ നിന്നുള്ള 17 വയസുകാരനായ മിറാം തരോണിനെ ലങ്താ ജോർ മേഖലയിൽ വച്ചാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) തട്ടിക്കൊണ്ട് പോയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വഴിയാണ് തരോണ്‍ ചൈനീസ് സൈന്യത്തിന്‍റെ പിടിയിലായ കാര്യ പുറംലോകം അറിയുന്നത്.
പിന്നാലെ ഇന്ത്യൻ സൈന്യം ഉടൻ തന്നെ ഹോട്ട്‌ലൈൻ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടു. വഴിതെറ്റിയ ഇയാളെ തങ്ങൾ രക്ഷപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ചൈനീസ് സൈന്യത്തിന്‍റെ വാദം. പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിൽ ജനുവരി 27ന് തരോണിനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു.