വാഷിങ്‌ടണ്‍:യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മേരിലാന്‍റ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ അരുണ മില്ലര്‍. അമേരിക്കയില്‍ ജനിക്കാത്ത ഒരാള്‍ ആദ്യമായാണ് മേരിലാന്‍റില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എന്ന സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് തെലങ്കാനയില്‍ വേരുകളുള്ള 58 വയസുകാരിയായ അരുണ.
ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണ് അരുണ മല്‍സരിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച വെസ് മൂറിന്‍റെ റണ്ണിങ്മേറ്റായാണ് അവര്‍ മല്‍സരിച്ചത്. മേരിലാന്‍റില്‍ ഗവര്‍ണറാകുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കനായി വെസ് മൂറും ചരിത്രം കുറിച്ചു.
ഏഴ് വയസുള്ളപ്പോഴാണ് ഹൈദരാബാദില്‍ നിന്ന് 1972ല്‍ മാതാപിതാക്കളോടൊപ്പം അരുണ അമേരിക്കയിലേക്ക് കുടിയേറിയത്. അരുണ മേരിലാന്‍റിലെ ജനപ്രതിനിധി സഭയിലും അംഗമായിട്ടുണ്ട്. 2018ല്‍ മേരിലാന്‍റിലെ ആറാം കോണ്‍ഗ്രഷണല്‍ ഡിസ്‌ട്രിക്റ്റില്‍ നിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്കും മല്‍സരിച്ചു. കടുത്ത മല്‍സരത്തില്‍ അരുണ രണ്ടാം സ്ഥാനത്ത് വന്നു.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന നയം നടപ്പാക്കുക ലക്ഷ്യം: തൊലിയുടെ നിറം എന്താണെങ്കിലും ഏത് സമുദായ പശ്ചാത്തലമുള്ളതാണെങ്കിലും ഒരു വ്യക്തിക്ക് താന്‍ സുരക്ഷിതനാണ് എന്ന് തോന്നുന്ന ഇടമായി മേരിലാന്‍റിനെ മാറ്റുകയാണ് തന്‍റെ ലക്ഷ്യമെന്ന് അരുണ മില്ലര്‍ വിജയ പ്രസംഗത്തില്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്‍റെ ഭാവി തന്നെ നിശ്ചയിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പില്‍ ചെറുതെങ്കിലും ശക്‌തമായ ഒരു സംസ്ഥാനത്തിന് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് രാജ്യത്തിന് കാണിച്ച് കൊടുക്കാന്‍ മേരിലാന്‍റിന് കഴിഞ്ഞു. ഭീതിക്ക് പകരം പ്രതീക്ഷയും വിഭജനത്തിന് പകരം ഐക്യവും അവകാശങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്ന സമീപനങ്ങള്‍ക്ക് പകരം അവകാശങ്ങള്‍ വിപുലപ്പെടുത്തുന്ന സമീപനവും മേരിലാന്‍റിലെ ജനങ്ങള്‍ തെരഞ്ഞെടുത്തെന്നും അരുണ പറഞ്ഞു.