ബാരാമുള്ള (കശ്മീർ): സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും അതുകൊണ്ടുതന്നെ ഇതിന്‍റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാൻ ഒരു പാര്‍ട്ടികളെയും താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലുള്ള ഡാക് ബംഗ്ലാവിൽ നടന്ന പൊതുയോഗത്തിൽ സംസാരിച്ച അദ്ദേഹം പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
രാഷ്‌ട്രീയ മുതലെടുപ്പ് കശ്മീരിൽ ഒരു ലക്ഷം ആളുകളെ കൊന്നൊടുക്കുകയും അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കുകയും ചെയ്‌തു. കള്ളം പറഞ്ഞ് ചൂഷണം ചെയ്‌ത് താന്‍ വോട്ട് തേടില്ലെന്നും ജനവിധി വേദനിപ്പിച്ചാലും നേടാവുന്നത് മാത്രമേ താന്‍ സംസാരിക്കൂ എന്നും ഗുലാം നബി ആസാദ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ജമ്മു കശ്മീരിലെ പ്രദേശവാസികൾക്ക് സംസ്ഥാന പദവി, ജോലി, ഭൂമി എന്നിവയുടെ സംരക്ഷണം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുമെന്നും ആസാദ് അറിയിച്ചു.
Also Read: കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം പിന്‍വലിയ്ക്കണമെന്ന് ഇന്ത്യയോട് ഒഐസി
തന്റെ പേര് പോലെ തന്നെ തന്‍റെ പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്രത്തിലും ചിന്തയിലും 'ആസാദ്' (സ്വതന്ത്രം) ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ പാർട്ടി സ്വതന്ത്രമായിരിക്കും. പാർട്ടിക്ക് ആസാദ് എന്ന പേരിടണമെന്ന് സഹപ്രവർത്തകരിൽ പലരും പറഞ്ഞു. പക്ഷെ ഞാന്‍ അത് സമ്മതിച്ചില്ല". തന്‍റെ പാര്‍ട്ടി മറ്റു പാര്‍ട്ടികളായി ചേരുകയോ ലയിക്കുകയോ ചെയ്യില്ലെന്നും, എന്നാല്‍ തന്‍റെ മരണശേഷം അത് സംഭവിച്ചേക്കാമെന്നും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വികസനത്തിലൂന്നിയതായിരിക്കുമെന്നും, ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതായിരിക്കുമെന്നും മുന്‍കാല വികസന പ്രവര്‍ത്തനങ്ങളെ ഓര്‍മിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രാദേശികവും ദേശീയവുമായ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും താന്‍ എതിരല്ലെന്നും അതുകൊണ്ടുതന്നെ പാർട്ടി ഭേദമന്യേ പലരും തന്‍റെ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലെ വിടവാങ്ങല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും അദ്ദേഹം പരാമര്‍ശിച്ചു. " ഞാന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നിന്നെത്തിയ ചില വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തി. അവരുടെ മൃതശരീരവും അത് കെട്ടിപ്പിടിച്ച് കരയുന്ന അവരുടെ കുട്ടികളെയും കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. കാരണം താനൊരു മനുഷ്യനാണ്" എന്നും അദ്ദേഹം പറഞ്ഞു.