മുംബൈ: ബോംബെ ഐഐടി വിദ്യാര്‍ഥിയായ ദര്‍ശന്‍ സോളങ്കിയെ ഭീഷണിപ്പെടുത്തുന്നതിനായി സഹപാഠി ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സഹപാഠിയായ അര്‍മാന്‍ ഖാത്രിയെ എസ്‌ഐടി അറസ്‌റ്റ് ചെയ്‌തിരുന്നു. ബോംബൈ ഐഐടി ഹോസ്‌റ്റലില്‍ ഇരുവരും ഒരേ നിലയിലായിരുന്നു താമസിച്ചിരുന്നത്.
ദര്‍ശന്‍ സോളങ്കിയെ ഭീഷണിപ്പെടുത്തുന്നതിനായി ഖാത്രി ഉപയോഗിച്ച കട്ടര്‍ അയാളുടെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഖത്രിയെ ഹോസ്‌റ്റലില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു ആയുധം കണ്ടെടുത്തത്. സോളങ്കിയുമായുള്ള പ്രശ്‌നത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്താണെന്ന് അറിയാന്‍ ഖത്രിയെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ സോളങ്കി ബിടെക്(കെമിക്കല്‍) ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ്. ഫെബ്രുവരി 12നാണ് സോളങ്കി ആത്മഹത്യ ചെയ്‌തത്. സോളങ്കിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ജാതി വിവേചനം മരണകാരണമെന്ന് മാതാപിതാക്കള്‍:ആത്മഹത്യാക്കുറിപ്പിലുള്ള കയ്യക്ഷരം ദര്‍ശന്‍ സോളങ്കിയുടെ കയ്യക്ഷരം തന്നെയാണെന്ന് കയ്യക്ഷര വിദഗ്‌ധന്‍ നടത്തിയ പരിശോധനയില്‍ നിന്ന് കണ്ടെത്തി. അതായത്, ആത്മഹത്യക്കുറിപ്പ് എഴുതിയത് ദര്‍ശന്‍ സോളങ്കി തന്നെയാണെന്ന് വ്യക്തമാണ്. ദര്‍ശന്‍ സോളങ്കി എസ്‌സി വിഭാഗത്തില്‍പെട്ട വ്യക്തിയായതിനാല്‍ ക്യാമ്പസില്‍ വിവേചനം നേരിട്ടുവെന്ന് പറഞ്ഞ മാതാപിതാക്കള്‍ ദര്‍ശന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
എന്നാല്‍, ഐഐടിബി രൂപീകരിച്ച അന്വേഷണ സമിതി ഇക്കാര്യം മറച്ചുവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചത്. ജാതി വിവേചനം നേരിട്ടതുമൂലമുള്ള മനോവിഷമത്തിലല്ല കുട്ടി ജീവനൊടുക്കിയതെന്നും അക്കാദമിക് പ്രകടനം മോശമായതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഐഐടി അധികൃതരുടെ വെള്ളപൂശലിനെതിരെ വിദ്യാര്‍ഥികളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു.
യുവാവിന്‍റെ മരണത്തിന് പിന്നില്‍ കാമ്പസിലെ ജാതീയതയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി കൂട്ടായ്‌മകള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിയുടെ മരണം സംവരണ വിരുദ്ധവികാരങ്ങളുടെ ഫലമായാണ് സംഭവിച്ചതെന്ന് ബോംബെ ഐഐടി അംബേദ്‌കര്‍ പെരിയാര്‍ ഫുലെ സ്‌റ്റഡി സര്‍ക്കിള്‍ (എപിപിഎസ്‌സി) കുറ്റപ്പെടുത്തി. ദര്‍ശന്‍ സോളങ്കിയുടെ മരണം വ്യവസ്ഥാപിത സങ്കല്‍പം നടത്തിയ കൊലപാതകമാണെന്നും എപിപിഎസ്‌സി വിമര്‍ശിച്ചു.
ബിടെക് പഠനത്തിനായി മാസങ്ങള്‍ക്ക് മുമ്പ് ബോംബെ ഐഐടിയില്‍ ചേര്‍ന്ന ദര്‍ശന്‍ സോളങ്കിയുടെ മരണത്തില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. ഇത് വ്യക്തിപരമോ ഒരാളെ മാത്രം ബാധിക്കുന്നതോ ആയ വിഷയമല്ല, സമൂഹത്തെയാകെ ബാധിക്കുന്നതാണെന്ന് ഇ സംഘടന ട്വീറ്റില്‍ കുറിച്ചു.
ഐഐടി ആത്മഹത്യ തുടര്‍ക്കഥയാകുന്നു: അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് മദ്രാസ് ഐഐടിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ ഹോസ്‌റ്റല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി വൈപ്പു പുഷ്‌പക് ശ്രീസായിയാണ് മരിച്ചത്. ആത്മഹത്യയാണന്നാണ് അധികൃതരുടെ വിശദീകരണം.
ജീവനൊടുക്കുവാനുള്ള കാരണം വ്യക്തമല്ല. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ വിദ്യാര്‍ഥിയ്‌ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നായിരുന്നു അധികൃതരുടെ വാദം. കോളജിലെ എഞ്ചിനിയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കി ഒരു മാസം തികയുമ്പോഴാണ് ദാരുണമായ സമാന സംഭവം.