ലഖ്‌നൗ: നർത്തകിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ സപ്‌ന ചൗധരിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ലഖ്‌നൗ കോടതി. നാല് വർഷം മുൻപുള്ള പണം ഇടപാട് കേസിലാണ് നടപടി. നൃത്ത പരിപാടിക്കായി മുൻകൂറായി താരം പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
തിങ്കളാഴ്‌ച(22.08.2022) ഹിയറിങിനായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി വാറണ്ട് പുറപ്പെടുവിച്ചത്. 2021 നവംബറിൽ ഇതേ കോടതി മുൻപ് സപ്‌നക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സപ്‌ന കോടതിയിൽ ഹാജരാകുകയും ഈ വർഷം മെയ് 10 ന് ജാമ്യം ലഭിക്കുകയും ചെയ്‌തു.
സബ് ഇൻസ്‌പെക്‌ടർ ഫിറോസ് ഖാൻ ലഖ്‌നൗവിലെ ആഷിയാന പൊലീസ് സ്‌റ്റേഷനിലാണ് 2018 ഒക്‌ടോബർ 14ന് എഫ്‌ഐആർ ഫയൽ ചെയ്‌തത്. പരിപാടിക്കായി പണം കൈപ്പറ്റുകയും പിന്നീട് പരിപാടിയിൽ പങ്കെടുക്കാതിരിക്കുകയും ചെയ്‌തതിനെ തുടർന്ന് കൈപ്പറ്റിയ തുക തിരിച്ച് നൽകാതിരുന്നതാണ് കേസിനാസ്‌പദമായ സംഭവം.
സപ്‌നയുടെ പരിപാടിക്കായി 300 രൂപയുടെ ടിക്കറ്റുകൾ ഓൺലൈനായും ഓഫ്‌ലൈനായും വിറ്റതായി പരാതിയിൽ പറയുന്നു. സപ്‌ന ചൗധരിയെ കൂടാതെ, പരിപാടിയുടെ സംഘാടകരായ ജുനൈദ് അഹമ്മദ്, നവീൻ ശർമ, ഇവാദ് അലി, അമിത് പാണ്ഡെ, രത്‌നാകർ ഉപാധ്യായ എന്നിവരുടെ പേരുകളും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ അടുത്ത വാദം സെപ്‌റ്റംബർ 30ന് നടക്കും.
Also read: ബിജെപി നേതാവും ബിഗ് ബോസ് താരവുമായ സൊണാലി ഫോഗട്ട് അന്തരിച്ചു