ന്യൂഡൽഹി: ഡൽഹിയിലെ അഞ്ചിലധികം മെട്രോ സ്‌റ്റേഷനുകളിൽ (Delhi Metro Stations) ഖാലിസ്ഥാൻ (Khalistan) അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് പേരും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്‌റ്റിസിന്‍റെ (Sikhs For Justice) അംഗങ്ങളാണ്. പൊലീസ് പ്രത്യേക സെല്ലിനൊപ്പം മറ്റ് സുരക്ഷ ഏജൻസികളും അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌ത് വരികയാണ്.
സുരക്ഷാവീഴ്‌ച ബി20 ഉച്ചകോടി നടക്കുന്നതിനിടെ: ഓഗസ്‌റ്റ് 27നാണ് ഡൽഹിയിലെ നിരവധി മെട്രോ സ്‌റ്റേഷനുകളിലെ ചുവരുകളിൽ 'ഖാലിസ്ഥാൻ സിന്ദാബാദ്', (Sikhs For Justice) 'പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ല, ഡൽഹി ഖലിസ്ഥാൻ ആകും' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നത്. സിഖ്‌സ് ഫോർ ജസ്‌റ്റിസ് സംഘടനയുമായി ബന്ധപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങൾ ശിവാജി പാർക്ക്, മാദീപൂർ, മഹാരാജ സൂരജ്‌മാൽ സ്റ്റേഡിയം, പഞ്ചാബി ബാഗ് മെട്രോ സ്റ്റേഷൻ എന്നിവടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചക്കോടിയുടെ (G20 Summit) ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കൂടാതെ, ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ബി20 (B20 Summit) ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തിരുന്നു. ഇതിനിടയിലാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഖലിസ്ഥാൻ അനുകൂലികൾ മുദ്യാവാക്യങ്ങൾ (Khalistan Slogans) എഴുതിയത്. പിന്നീട് മെട്രോ സ്‌റ്റേഷൻ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പെയിന്‍റ് ഉപയോഗിച്ച് ചുവരെഴുത്ത് മായ്‌ച്ചുകളയുകയും ചെയ്‌തു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് മെട്രോ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.