കൊൽക്കത്ത :പശ്ചിമ ബംഗാൾ വ്യവസായ വകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്നായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇതുവരെ കണ്ടെത്തിയത് 49 കോടിയോളം രൂപ. അർപിതയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ബുധനാഴ്‌ച ആരംഭിച്ച തിരച്ചിൽ വ്യാഴാഴ്‌ച രാവിലെയാണ് അവസാനിച്ചത്. ബെൽഗാരിയയിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത 29 കോടിയോളം രൂപ 10 ട്രങ്കുകളിലാക്കിയാണ് ഇഡി മടങ്ങിയത്.
നോർത്ത് 24 പർഗാനാസിലെ ബെൽഗാരിയ ക്ലബ് ടൗണിലുള്ള അമ്മയുടെ ഫ്ലാറ്റിലുൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. നേരത്തെ ദക്ഷിണ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നും 20 കോടി രൂപ കണ്ടെത്തിയിരുന്നു.
ബെൽഗോറിയയിലെ രത്തല പ്രദേശത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി സുപ്രധാന രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ കൊണ്ടുവന്നാണ് കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. അർപിതയുടെ ഫ്ലാറ്റുകളിൽ നിന്നായി ആകെ 20 ഫോണുകളും കണ്ടെടുത്തിട്ടുണ്ടെന്നും അവയുടെ ഉദ്ദേശ്യവും ഉപയോഗവും എന്തായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഇഡി വ്യക്തമാക്കി.