കൊല്‍ക്കത്ത (പശ്ചിമബംഗാള്‍): അർപിത മുഖർജിയിൽ നിന്ന് 20 കോടിയിലധികം രൂപ ഇ.ഡി കണ്ടെടുത്തതിന് പിന്നാലെ ഇവരെ കുറിച്ചുള്ള അന്വേഷണമാണ് ദേശീയ തലത്തില്‍ നടക്കുന്നത്. നടിയും മോഡലുമായ അര്‍പിതയും പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടുകയാണ്.
കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗ പൂജയില്‍ വച്ചാണ് പാർത്ഥ ചാറ്റർജിയും അര്‍പിതയും പരിചയപ്പെട്ടത്. ചാറ്റര്‍ജി അധ്യക്ഷനായ ദുര്‍ഗ പൂജ കമ്മിറ്റിയുടെ പരസ്യത്തിലും അര്‍പിത പ്രത്യക്ഷപ്പെട്ടിരുന്നു. പൂജയില്‍ വച്ചുണ്ടായ പരിചയം പിന്നീട് സൗഹൃദമായി.
കൊല്‍ക്കത്തയിലുള്ള ഇവരുടെ പത്തിലധികം സ്വത്തുക്കളുടെ രേഖ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും കണ്ടെത്തി. റെയ്‌ഡില്‍ 20ല്‍ പരം വിലകൂടിയ മൊബൈല്‍ ഫോണുകളാണ് അര്‍പിതയുടെ വസതിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
വളര്‍ത്തു നായ്‌ക്കള്‍ക്ക് മാത്രമായി മുഴുവന്‍ സമയവും എയർകണ്ടീഷന്‍ ചെയ്‌ത പ്രത്യേക ഫ്ലാറ്റ് തന്നെ അര്‍പിത വാങ്ങിയിട്ടുണ്ട്. അര്‍പിതയുടെ മൂന്ന് നായ്‌ക്കളാണ് ഈ ഫ്ലാറ്റിലുള്ളത്. മോഡലിങ് രംഗത്ത് സജീവമായിരുന്ന അര്‍പിത ഏതാനും ബംഗാളി, ഒറിയ, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ബെൽഗോറിയയില്‍ താമസിക്കുന്ന അര്‍പിതയുടെ അമ്മ മിനാറ്റി മുഖർജിക്ക് മകളുടെ ജോലിയെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ അറിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇ.ഡിയുടെ റെയ്‌ഡില്‍ 20 കോടിയിലധികം രൂപ അര്‍പിതയുടെ ഫ്ലാറ്റില്‍ കൂട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി യന്ത്രത്തിന്‍റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായം തേടേണ്ടി വന്നതായി ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട പണമാണ് ഇതെന്ന നിഗമനത്തിലാണ് ഇ.ഡി. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് അര്‍പിതയുമായി ബന്ധമില്ലെന്ന തരത്തില്‍ പ്രതികരണവുമായി രംഗത്തു വന്നു.
Also Read'അർപിത കഠിനാധ്വാനി' : അറസ്റ്റിന് പിന്നാലെ വാഴ്‌ത്തലുമായി ഒറിയ സംവിധായകൻ