ഇംഫാല്‍: ഗോത്രവിഭാഗവും മറ്റ് വിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടർന്ന് മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് മൊബൈല്‍, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിരോധനം. മണിപ്പൂരിലെ ഭൂരിഭാഗം ജില്ലകളിലും കർഫ്യു പ്രഖ്യാപിച്ചു. സംഘർഷം രൂക്ഷമായ ജില്ലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന പൊലീസിനൊപ്പം അസം റൈഫിൾസും സൈന്യവും രംഗത്തുണ്ട്.
സൈന്യത്തിന്‍റെ ഫ്ലാഗ് മാർച്ച്: സംഘർഷ ബാധിത മേഖലകളില്‍ നിന്ന് 4000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഒഴിപ്പിക്കല്‍ നടപടികൾ തുടരുമെന്നും സൈന്യം അറിയിച്ചു. അതിനൊപ്പം സ്ഥിതി ഗുരുതരമായ മേഖലകളില്‍ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അക്രമം നേരിടാൻ സജ്ജമാണെന്നും സൈനിക വക്താവ് അറിയിച്ചു.
ഇന്നലെയാണ് ഗോത്ര വിഭാഗങ്ങളും മറ്റ് വിഭാഗങ്ങളും മണിപ്പൂരില്‍ നേരിട്ട് ഏറ്റുമുട്ടുകയും വൻ സംഘർഷങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തത്. ഇതര വിഭാഗങ്ങൾക്ക് പട്ടിക വർഗ പദവി നല്‍കുന്നതിന് എതിരെ ട്രൈബല്‍ സോളിഡാരിറ്റി മാർച്ച് എന്ന പേരില്‍ ഓൾ ട്രൈബല്‍ സ്റ്റുഡന്‍റ് യൂണിയൻ മണിപ്പൂരിന്‍റെ നേതൃത്വത്തില്‍ ഗോത്ര വർഗ ഐക്യദാർഢ്യ മാർച്ച് നടത്തിയിരുന്നു. ചുരചന്ദപുർ ജില്ലയില്‍ നടത്തിയ മാർച്ച് അക്രമാസക്തമാകുകയായിരുന്നു. ഗോത്ര വർഗ വിദ്യാർഥി മാർച്ചിന് നേരെ മറ്റ് വിഭാഗക്കാർ അക്രമം നടത്തിയതാണ് സംഘർഷം രൂക്ഷമാക്കിയത്.
ഇതേ തുടർന്ന് സംഘർഷം മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. പൊലീസ് ലാത്തിച്ചാർജും ആകാശത്തേക്ക് വെടിവെയ്‌പ്പും നടത്തിയാണ് മിക്കയിടങ്ങളിലും വൻ അക്രമം ഒഴിവാക്കിയത്. ചുരചന്ദപുരിന് പുറമെ ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്‌ണുപൂർ, കാംഗ്പോക്‌പി ജില്ലകളിലാണ് സംഘർഷം രൂക്ഷമായത്.