ലഖ്‌നൗ: ഹണി ട്രാപ്പ് പരാതിയുമായി ഉത്തർപ്രദേശിൽ നിയമിതനായ തെലങ്കാന ആർമി മേജർ. ലഖ്‌നൗ സ്വദേശിനിയായ ഒരു യുവതി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നതാണ് ഉദ്യോഗസ്ഥന്‍റെ പരാതി. 2021ലെ പിജി നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ തെലങ്കാനയിലെ ബാച്ചുപള്ളി സ്വദേശിയായ ആർമി ഓഫിസർ 2020 ഡിസംബറിൽ വനിത സുഹൃത്ത് സാക്ഷി എന്ന ചന്ദന ജെയിനുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു.
താനും ആർമി ഉദ്യോഗസ്ഥയാണെന്നാണ് സാക്ഷി സ്വയം പരിചയപ്പെടുത്തിയത്. തനിക്ക് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉയർന്ന റാങ്കിങ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടെന്നും അതുവഴി പരീക്ഷയിൽ സഹായിക്കാനാകുമെന്നും അവർ മേജറോട് പറഞ്ഞിരുന്നു. ഇതുവഴിയാണ് കരസേന ഉദ്യോഗസ്ഥനുമായി സാക്ഷി കൂടുതൽ അടുത്തത്.
ഇരുവരും തമ്മിലുള്ള സൗഹൃദം ആഴത്തിലായപ്പോൾ, മേജർ പല സുപ്രധാന വിവരങ്ങൾ ഇവരുമായി പങ്കുവയ്‌ക്കുകയും സാമ്പത്തികമായി അവരെ സഹായിക്കുകയും ചെയ്‌തു. എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇവർ തമ്മിലുള്ള ബന്ധം വഷളായി. കരസേന ഉദ്യോഗസ്ഥൻ പണം നൽകാൻ വിസമ്മതിച്ചതോടെ മേജർ മുമ്പ് പങ്കിട്ട സുപ്രധാന വിവരങ്ങൾ അടങ്ങിയ ഇമെയിൽ സന്ദേശങ്ങൾ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക ഐഡിയിലേക്ക് അയച്ച് അദ്ദേഹത്തെ യുവതി ഭീഷണിപ്പെടുത്താൻ തുടങ്ങുകയായിരുന്നു.
താൻ ഹണി ട്രാപ്പിൽ കുടുങ്ങിയതായി മനസിലാക്കിയ മേജർ, ലഖ്‌നൗവിലെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായും കരസേനയിലെ ഉന്നതരെ അറിയിച്ചതിന് ശേഷം വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.