ഡാർജിലിങ് :സൈനികരുടെ ഭാര്യമാരില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത വനിത അറസ്റ്റില്‍ (Army jawan's wife cheated 17 others). ഒരു സൈനികന്‍റെ ഭാര്യയായ ഹേമ നഗര്‍ബ തമാങ് വ്യാഴാഴ്ച രാത്രിയിലാണ് പൊലീസ് പിടിയിലായത്. 1.5 കോടി രൂപയാണ് 17 ജവാന്മാരുടെ ഭാര്യമാരില്‍ നിന്നായി ഇവര്‍ തട്ടിയെടുത്തത്.
സിലിഗുരി സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. ഏതാനും മാസങ്ങളായി ഹേമ നഗര്‍ബ തമാങ്, നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നു (Hema was hiding in Nepal). സൈനിക ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇവര്‍ മടങ്ങിയെത്തി പൊലീസില്‍ കീഴടങ്ങിയത്. പ്രതിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ തട്ടിപ്പിനിരയായ സ്ത്രീകള്‍ ബഗ്‌ഡോഗര പൊലീസ് സ്‌റ്റേഷനില്‍ എത്തി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ പണം തിരികെ കിട്ടാന്‍ പൊലീസ് സഹായിക്കണമെന്ന് തട്ടിപ്പിനിരയായ ഒരു സൈനികന്‍റെ ഭാര്യ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് കമ്മിഷണര്‍ എസ് സുധാകര്‍ പറഞ്ഞു. ഹേമയുടെ ഭര്‍ത്താവ് മഹേന്ദ്ര നഗര്‍ബ തമങ് ജമ്മു കശ്‌മീരിലാണ് സേനയില്‍ ജോലി ചെയ്യുന്നത്. സൈനികരുടെ ഭാര്യമാരുമായി ഹേമ സൗഹൃദം സ്ഥാപിക്കുകയും പല കാരണങ്ങള്‍ പറഞ്ഞ് പല അവസരങ്ങളിലായി ഇവരുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടുകയായിരുന്നുവെന്നുമാണ് പരാതി.
തട്ടിപ്പിന് ശേഷം ഇവര്‍ നേപ്പാളിലേക്ക് കടന്നു. ഇതോടെ വഞ്ചിക്കപ്പെട്ടവര്‍ പൊലീസിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഹേമയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും ഉടനടി അവരോട് കീഴടങ്ങാന്‍ സൈനിക ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തു. ഹേമയുടെ ഭര്‍ത്താവിന്‍റെ തന്നെ സഹായത്തോടെയാണ് ഒളിവില്‍ പോയ ഹേമയെ കണ്ടെത്താനായത്. ഉടന്‍ തന്നെ കീഴടങ്ങിയില്ലെങ്കില്‍ പൊലീസും സൈനികരും കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ശേഷം, പണിതങ്കി അതിര്‍ത്തി വഴി ഹേമ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേയ്‌ക്ക് തിരിച്ചെത്തി. പിന്നീട് ഇവര്‍ ബഗ്ഡോര പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പണം തട്ടിയെടുത്തതിന് ശേഷം നേപ്പാളിലുള്ള ബന്ധുക്കളുടെ വീട്ടിലേയ്‌ക്കാണ് ഹേമ പോയതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ പക്കല്‍ നിന്നും പണം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഡല്‍ഹിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച:അതേസമയം, രാജ്യതലസ്ഥാനത്തെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച (25 Crore Heist At Delhi Jewellery Showroom). ഡല്‍ഹി ജംഗ്‌പുരയിലെ ഉംറാവു സിങ് ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങളും ഏഴ് ലക്ഷത്തോളം രൂപയുമാണ് മോഷ്‌ടാക്കള്‍ ഷോറൂമില്‍ നിന്ന് കവര്‍ന്നത്. തിങ്കളാഴ്‌ച അവധിയായിരുന്നതിനാല്‍ ഞായറാഴ്‌ച രാത്രി മുതല്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകിട്ട് ഷോറൂം പൂട്ടിയിറങ്ങിയ കടയുടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രാവിലെ കട തുറന്നപ്പോൾ നിറയെ പൊടിപടലങ്ങൾ കണ്ടതായി ഉടമ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും പിസിആർ സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്രൈം, ഫോറൻസിക് സംഘവും എത്തി തെളിവുകള്‍ ശേഖരിച്ചു.