കുല്‍ഗാം (ജമ്മു കശ്‌മീര്‍) : ജമ്മു കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 04) ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സൈനികര്‍ മരണത്തിന് കീഴടങ്ങിയത്. പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത് എന്നാണ് കശ്‌മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരം. സൈന്യവും കുല്‍ഗാം പൊലീസും ചേര്‍ന്നാണ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുന്നതെന്നും ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു എന്നും പരിക്കേറ്റ സൈനികരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും കശ്‌മീര്‍ സോണ്‍ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
'കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. സൈന്യവും കുല്‍ഗാം പൊലീസും ഓപ്പറേഷന്‍ നടത്തുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു' -കശ്‌മീര്‍ സോണ്‍ പൊലീസ് നേരത്തെ ട്വീറ്റില്‍ പറഞ്ഞു.
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ നേരത്തെയും : കുൽഗാം ജില്ലയിൽ ഇക്കഴിഞ്ഞ ജൂണ്‍ 27നും സുരക്ഷ സേനയുമായും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി പൊലീസ് അന്ന് അറിയിക്കുകയുണ്ടായി. അതേസമയം ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.