ശ്രീനഗർ: കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ പതിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൈന്യത്തിന്‍റെ നായ 'സൂം' ജീവൻ വെടിഞ്ഞു. ഇന്ന് (13.10.22) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. രാവിലെ 11.45 വരെ മരുന്നുകളോട് മികച്ചരീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്ന സൂം പെട്ടന്ന് ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് രണ്ടര വയസുകാരനായ സൂം. ഒക്‌ടോബർ 10 ന് അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിടുന്നതിനിടെയാണ് സൂമിന് വെടിയേറ്റത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്‌ചയാണ് സുരക്ഷാസേന ഇവിടെ തെരച്ചിൽ ആരംഭിച്ചത്.